ഒന്നരവർഷം ; ചരിത്ര
നേട്ടവുമായി കിൻഫ്ര ; 1800 കോടി 
നിക്ഷേപം 
23,000 തൊഴിൽ



തിരുവനന്തപുരം സംസ്ഥാനത്തിന്റെ വ്യവസായവികസനത്തിൽ ചരിത്രനേട്ടം എഴുതിച്ചേർത്ത്‌ കിൻഫ്ര. ഒന്നര വർഷത്തിൽ പുതിയ 250 യൂണിറ്റിലൂടെ 1800.1 കോടി രൂപയുടെ നിക്ഷേപം കിൻഫ്രവഴി എത്തി. 23,000 തൊഴിലവസരവുമുണ്ടായി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ഒക്ടോബർവരെയുള്ള കണക്കാണ് ഇത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ അഞ്ചുവർഷത്തിൽ 540 യൂണിറ്റ്‌ ആരംഭിച്ചപ്പോൾ 1731.53 കോടിയുടെ നിക്ഷേപമാണുണ്ടായത്‌. ആ നേട്ടമാണ്‌ ഒന്നരവർഷംകൊണ്ട്‌ കിൻഫ്ര മറികടന്നത്‌. മുൻ യുഡിഎഫ്‌ സർക്കാരിൽ (2011–-16) 98,000 ചതുരശ്രയടി സ്ഥലംമാത്രമാണ്‌ കിൻഫ്ര കൈമാറിയത്‌. സൃഷ്ടിച്ചതാകട്ടെ 4498 തൊഴിലവസരവും. ഒന്നരവർഷത്തിൽ 150.82 ഏക്കർ ഭൂമിയും 2,90,800 ചതുരശ്രയടി നിർമിതസ്ഥലവും സംരംഭങ്ങൾക്കായി കിൻഫ്ര അനുവദിച്ചു. ടിസിഎസ്‌, ടാറ്റ എലക്‌സി, വി ഗാർഡ്‌, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്‌, ട്രാൻസ്‌ ഏഷ്യൻ ഷിപ്പിങ്‌ കോ, ഹൈക്കോൺ, വിൻവിഷ്‌, ജോളി കോട്‌സ്‌, ഡീൻസ്‌ കൺസ്‌ട്രക്‌ഷൻ തുടങ്ങി പ്രമുഖ സ്ഥാപനങ്ങളാണ്‌ ഈ കാലയളവിലെത്തിയത്‌.  കിൻഫ്രയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴികൂടി പൂർത്തിയാകുമ്പോൾ നിക്ഷേപത്തിൽ വൻകുതിപ്പുണ്ടാകും. നിലവിൽ 85 ശതമാനത്തോളം സ്ഥലവും ഏറ്റെടുത്തു. 13,000 കോടിയുടെ നിക്ഷേപവും 32,000 പേർക്ക്‌ നേരിട്ടും ഒരു ലക്ഷം പേർക്ക്‌ പരോക്ഷമായും തൊഴിലും ലഭിക്കും.  കൊച്ചി അമ്പലമുകളിലെ പെട്രോകെമിക്കൽ പാർക്ക്‌ 2024ൽ പൂർണ സജ്ജമാകും. 11,000 തൊഴിലവസരവും 10,000 കോടിയുടെ നിക്ഷേപവുമാണ്‌ ഇതിലൂടെ പ്രതീക്ഷിക്കുന്നത്‌. Read on deshabhimani.com

Related News