എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണം ലോകമാതൃകയെന്ന് അമേരിക്കൻ നോവല്‍



തിരുവനന്തപുരം കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണം ലോകത്തിന്‌ മാതൃകയെന്ന്‌ അമേരിക്കൻ നോവൽ. പ്രമുഖ അമേരിക്കൻ എഴുത്തുകാരൻ കിം സ്റ്റാൻലി റോബിൻസണിന്റെ  സയൻസ്‌ ഫിക്ഷൻ ‘ദ മിനിസ്‌ട്രി ഫോർ ദ ഫ്യൂച്ചറി’ലാണ്‌ ജനകീയാസൂത്രണം ഇടം പിടിച്ചത്‌. ദൂരദർശനിൽ നിന്നും പ്രോഗ്രാം ഹെഡായി വിരമിച്ച സാജൻ ഗോപാലനാണ്‌ നോവലിന്റെ വിശേഷങ്ങൾ ഫെയ്‌സ്‌ ബുക്കിൽ പങ്കുവച്ചത്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ്‌ നോവൽ. അതിതീവ്ര താപതരംഗത്തിൽ ഇന്ത്യയിൽ രണ്ടുകോടി പേർ മരിക്കുന്നതും വൻ നാശത്തിൽനിന്ന്‌ ഇന്ത്യ ഉയിർത്തെഴുന്നേൽക്കുന്നതുമാണ്‌ പശ്ചാത്തലം. ദുരന്തത്തിൽനിന്ന്‌ ഉയിർക്കുന്ന ഇന്ത്യയിൽ രാഷ്ട്രീയമാറ്റങ്ങളുമുണ്ടാകുന്നു. ഇന്ത്യയുടെ വൈവിധ്യത്തെ തകർത്ത ബിജെപിയും തിന്മയുടെ ശക്തിയെന്ന്‌ നോവൽ വിശേഷിപ്പിക്കുന്ന  ആർഎസ്‌എസും  പുറത്താക്കപ്പെടുന്നു. കോൺഗ്രസും ചിത്രത്തിലില്ല. പകരം ശാസ്ത്രീയ വീക്ഷണമുള്ള സർക്കാർ രൂപംകൊള്ളുന്നു. അവഗണനകൾക്കിടയിലും ഇന്ത്യ ഭാവി ആസൂത്രണം ചെയ്യുന്നു. അതിനിടെ, ഐക്യരാഷ്ട്ര സംഘടന ഭാവിയിൽ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾക്കായി മന്ത്രാലയം രൂപീകരിക്കുന്നു. അതിനായി ഭാവിയുടെ ഭരണമാതൃകയായി കേരളത്തിന്റെ ജനകീയാസൂത്രണത്തെ അവതരിപ്പിക്കുന്നു.    കമ്യൂണിസ്‌റ്റ്‌ സ്വാധീനമുള്ള ലെഫ്‌റ്റ്‌ ഡെമോക്രാറ്റിക്‌ ഫ്രണ്ടാണ്‌ ഈ മാതൃക രൂപീകരിച്ചതെന്നും നോവലിലുണ്ട്‌. ഇടതുപക്ഷക്കാരനാണ്‌ താനെന്നും താൻ വിശ്വസിക്കുന്ന ആദർശത്തിലൂന്നിയാണ്‌ തന്റെ എഴുത്തെന്നും കിം വ്യക്തമാക്കിയിട്ടുണ്ട്‌. ന്യൂയോർക്ക്‌ ടൈംസിന്റെ ബെസ്‌റ്റ്‌ സെല്ലിങ്‌ എഴുത്തുകാരുടെ പട്ടികയിൽ ഇടംപിടിച്ചയാളാണ്‌ കിം. Read on deshabhimani.com

Related News