ഇഡി വികസനം മുടക്കുന്നു: കിഫ്‌ബി



കൊച്ചി> മസാലബോണ്ടിൽ ഇഡിയുടെ അന്വേഷണം നിയമവിരുദ്ധനീക്കമാണെന്ന്‌ കിഫ്‌ബി ഹൈക്കോടതിയിൽ ഹർജി നൽകി. രാഷ്‌ട്രീയ താൽപ്പര്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെ താറടിക്കാനുള്ള  നീക്കമാണിത്‌. ഒന്നരവർഷമായി അന്വേഷണം നടത്തിയിട്ടും കിഫ്‌ബിക്കെതിരെ ഒരു കേസുപോലും എടുക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ ഇഡിയുടെ അന്വേഷണം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ കിഫ്‌ബി സിഇഒ കെ എം എബ്രഹാം, ജോയിന്റ്‌ ഫണ്ട്‌ മാനേജർ ആനി ജൂള തോമസ്‌ എന്നിവരാണ്‌ ഹർജി ഫയൽ ചെയ്‌തത്‌. കിഫ്‌ബി മസാലബോണ്ട്‌ പുറപ്പെടുവിച്ചത്‌ വിദേശനാണ്യ വിനിമയനിയമത്തിന്റെ  (ഫെമ) ലംഘനമാണെന്നാണ്‌ ഇഡി അവകാശപ്പെടുന്നത്‌. 2021 ഫെബ്രുവരിയിലാണ്‌ കിഫ്‌ബിക്ക്‌ ആദ്യ സമൻസ്‌ അയച്ചത്‌. മൊഴിയെടുക്കലിന്‌ ഹാജരാകണമെന്നായിരുന്നു ആവശ്യം. തുടർന്ന്‌ 2022 ആഗസ്‌തുവരെ അഞ്ച്‌ സമൻസ്‌ കൂടി അയച്ചു. ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ പലതവണ ചോദ്യംചെയ്യലിന്‌ ഹാജരായി. ഇഡി ആവശ്യപ്പെട്ട അക്കൗണ്ട്‌ രജിസ്‌റ്റർ ഉൾപ്പെടെ മസാലബോണ്ടുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. ഒരേ രേഖകൾതന്നെ പലതവണ ആവശ്യപ്പെട്ടു. കിഫ്‌ബി ഉദ്യോഗസ്ഥൻ ഹാജരായപ്പോൾ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്‌ മൊഴിയെടുത്തത്‌. ഇഡിക്ക്‌ ആവശ്യമുള്ള ഉത്തരങ്ങൾ നൽകാൻ ഉദ്യോഗസ്ഥനെ നിർബന്ധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിൽവന്നസമയത്തും നടപടികൾ തുടർന്നു. ഇത്രയേറെ ചോദ്യംചെയ്യലും രേഖകളുടെ പരിശോധനയും കഴിഞ്ഞിട്ടും കേസെടുക്കാനോ പരാതി രജിസ്‌റ്റർ ചെയ്യാനോ കഴിഞ്ഞിട്ടില്ല. എന്നാൽ, തുടർച്ചയായി സമൻസുകൾ അയക്കുകയും അവ അപ്പോൾതന്നെ മാധ്യമങ്ങൾക്ക്‌ നൽകുകയുമാണ്‌. സംസ്ഥാന സർക്കാരിനുള്ള അധികാരമുപയോഗിച്ച്‌ നിയമം അനുശാസിക്കുന്ന മാർഗത്തിലാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. റിസർവ്‌ ബാങ്കിന്റെ എല്ലാ അനുമതികളുമുണ്ട്‌. മസാലബോണ്ടിലോ കിഫ്‌ബി പ്രവർത്തനത്തിലോ പരാതികളുണ്ടായാൽ നടപടിയെടുക്കേണ്ടത്‌ റിസർവ്‌ ബാങ്കാണ്‌. കിഫ്‌ബി ഇടപാടുകൾ ഫെമ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന്‌ റിസർവ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മസാലബോണ്ടിൽ കിഫ്‌ബി ഫെമ നിയമം ലംഘിച്ചുവെന്ന ഇഡിയുടെ ആരോപണം പ്രഥമദൃഷ്‌ട്യാതന്നെ അടിസ്ഥാനമില്ലാത്തതാണെന്നും ഹർജിയിൽ പറയുന്നു. Read on deshabhimani.com

Related News