ജോജോ ജീവിതത്തിലേക്ക്‌; വൃക്ക നൽകി ഫാ. ജയിംസ് കുന്തറ



ആലുവ അങ്കമാലിയിലെ സ്വകാര്യ ഹോട്ടൽ മാനേജരായിരുന്ന നെടുമ്പാശേരി സ്വദേശി ജോജോ ജോസിന്‌ ജീവിതത്തിലേക്ക്‌ തിരികെയെത്താൻ വൃക്ക പകുത്തു നൽകി ഫാ. ജയിംസ് കുന്തറ. വൃക്കകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ജോജോയും കുടുംബവും യോജിച്ച അവയവദാതാവിനായി കാത്തിരിക്കുന്നതിനിടയിലാണ് വൃക്ക നൽകാൻ ഫാ. ജയിംസ് കുന്തറ തയ്യാറായത്‌. നാലു വർഷംമുമ്പാണ്‌ ജോജോ ജോസിന്റെ ശരീരത്തിലെ ക്രിയാറ്റിനിന്റെ അളവ് ക്രമാതീതമായി വർധിച്ച്‌ 10ന് മുകളിലെത്തിയത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡയാലിസിസ് റൂമിലായി ജോജോയുടെ ജീവിതം. ഒരു വർഷംമുമ്പ്‌ വൃക്ക മാറ്റിവയ്‌ക്കലാണ്‌ പോംവഴിയെന്ന്‌ ഡോക്ടർമാർ അറിയിച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇതോടെ പ്രതിസന്ധിയിലായി. കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഫാ. ജയിംസ് കുന്തറ സ്വമേധയ വൃക്ക നൽകാൻ തയ്യാറായി. രാജഗിരി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് യൂണിറ്റിലെ വിദ്ഗ്‌ധരായ ഡോ. ജോസ് തോമസ്, ഡോ. ബാലഗോപാൽനായർ, ഡോ. സ്നേഹ പി സൈമൺ, ഡോ. അപ്പു ജോസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സച്ചിൻ ജോർജ്, ഡോ. ശാലിനി രാമകൃഷ്‌ണൻ എന്നിവരടങ്ങുന്ന സംഘം വിജയകരമായി വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തി. ആശുപത്രിവാസത്തിനുശേഷം ജോജോയും ഫാ. ജയിംസും വീട്ടിലേക്ക്‌ മടങ്ങി. Read on deshabhimani.com

Related News