ഖാദി വസ്‌ത്രങ്ങളുടെ രൂപകല്‍പനക്ക് ഫാഷന്‍ ഡിസൈനര്‍മാരും



തിരുവനന്തപുരം > ഖാദി വസ്ത്രങ്ങള്‍ ആകര്‍ഷകമാക്കുന്നതിന് ഫാഷന്‍ ഡിസൈനിങ്ങ് സങ്കേതങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഖാദി ബോര്‍ഡും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പുവച്ചു. ഐ.ടി.എഫ്.കെയില്‍ നിന്ന് ഡിസൈനിംഗ് കോഴ്‌സ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഖാദി മേഖലയില്‍ ഇന്റേണ്‍ഷിപ്പ് അനുവദിച്ചായിരിക്കും വസ്ത്ര രൂപകല്‍പനയുടെ തുടക്കം. വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംസ്ഥാനത്തുടനീളമുള്ള ഖാദി ബോര്‍ഡ് യൂണിറ്റുകളില്‍ ഇന്റേണ്‍ഷിപ്പ് നല്‍കും. പ്രതിമാസ സ്‌റ്റൈപ്പന്റോടുകൂടിയാകും ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പുതിയ കാലത്തെ ഫാഷനുകള്‍ക്കനുസൃതമായ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പ്രക്രിയയിലും ഐ എഫ് ടി കെ ഖാദി ബോര്‍ഡിനെ സഹായിക്കുന്നതിനും ധാരണയായിട്ടുണ്ട്. ഖാദി ഉത്പന്നങ്ങളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനും വൈവിധ്യവത്കരണം ഉറപ്പ് വരുത്താനും ഇതുവഴി ഈ മേഖലയുടെ ഉന്നമനം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ. രതീഷും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പ്രിന്‍സിപ്പല്‍ പി. ലക്ഷ്മണ്‍ കാന്തും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജനും പങ്കെടുത്തു.   Read on deshabhimani.com

Related News