അതും നമ്മൾ നേടി ; കെ ഫോണിലൂടെ പിറന്നത് പുതുചരിത്രം



തിരുവനന്തപുരം ഡിജിറ്റൽ തുല്യതയുടെ പുതുയുഗപ്പിറവിക്ക്‌ തുടക്കംകുറിച്ച്‌ നവകേരളം.  എല്ലാവർക്കും ഇന്റർനെറ്റ്‌ ലക്ഷ്യമിട്ടുള്ള  കേരളത്തിന്റെ അഭിമാന പദ്ധതി കെ ഫോൺ യാഥാർഥ്യമായതോടെ സാങ്കേതിക നവോത്ഥാനത്തിനാണ് ശിലപാകിയത്. സാർവത്രിക വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം, സാക്ഷരതായജ്ഞം എന്നിവപോലെ  നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ചരിത്ര മുഹൂർത്തം. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെത്തിയ പ്രൗഢഗംഭീര സദസ്സിനെയും കെ ഫോൺ ഇന്റർനെറ്റു വഴി ഓൺലൈനായി ചേർന്ന ആദിവാസി ഊരുകളിലെയടക്കം പതിനായിരങ്ങളെയും സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഗതിവേഗത്തിനൊപ്പം നീങ്ങാൻ പദ്ധതി സഹായിക്കുമെന്നും കേരളത്തിന്റെ ജനകീയ ബദൽ നയങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഇന്റർനെറ്റ്‌ പദ്ധതിയാണ്‌ കെ ഫോൺ. 30,000 സർക്കാർ ഓഫീസിലും 20 ലക്ഷം കുടുംബത്തിന്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലുമാണ്‌ ഇന്റർനെറ്റ്‌ ലഭ്യമാക്കുക.   നിലവിൽ 26,492 സർക്കാർ ഓഫീസിൽ ഇൻസ്റ്റലേഷൻ പൂർത്തിയാക്കി. 17,354 ഓഫീസിൽ കണക്ഷൻ നൽകി. ഏഴായിരത്തിലധികം വീടുകളിൽ കേബിൾ വലിച്ചു. 2015 വീട്ടിൽ കണക്ഷനെത്തിച്ചു.  ആഗസ്‌തോടെ ആദ്യഘട്ടം പൂർത്തിയാക്കി വാണിജ്യ കണക്ഷൻ നൽകിത്തുടങ്ങും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഉദ്‌ഘാടനച്ചടങ്ങിൽ കെ ഫോൺ താരിഫ്‌ റേറ്റും അവതരിപ്പിച്ചു. ഇന്റർനെറ്റ്‌ ലഭ്യമാക്കിയവരുമായി മുഖ്യമന്ത്രി ഓൺലൈനായി സംവദിച്ചു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കൊമേഴ്‌സ്യൽ വെബ്‌പേജ്‌ മന്ത്രി കെ എൻ ബാലഗോപാലും മൊബൈൽ ആപ് മന്ത്രി എം ബി രാജേഷും കെ ഫോൺ മോഡം മന്ത്രി കെ കൃഷ്‌ണൻകുട്ടിയും പ്രകാശിപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, ജി ആർ അനിൽ, റോഷി അഗസ്റ്റിൻ എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News