കെവിൻ വധക്കേസ്‌ : പ്രതിക്ക്‌ മർദനമേറ്റെന്ന പരാതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കണം



കൊച്ചി കെവിൻ വധക്കേസിലെ പ്രതി ടിറ്റു ജറോമിന് ജയിലിൽ മർദനമേറ്റെന്ന ആരോപണത്തിൽ രണ്ടാഴ്ചയ്‌ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജയിൽ ഡിജിപിക്ക്  നിർദേശം നൽകി. സംഭവത്തിൽ ജയിൽ ഡിഐജി സമർപ്പിച്ച റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ടിറ്റുവിനെ ബന്ധപ്പെട്ട മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി തിങ്കളാഴ്ചതന്നെ മൊഴി രേഖപ്പെടുത്താനും കോടതി നിർദേശിച്ചു. ടിറ്റുവിനെ കാണാൻ അനുവദിക്കുന്നില്ലെന്ന മാതാപിതാക്കളുടെ ഹേബിയസ് കോർപസ് ഹർജിയാണ് ജസ്റ്റിസുമാരായ കെ വിനോദ ചന്ദ്രനും എം ആർ അനിതയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. മജിസ്ട്രേട്ടിനു മുന്നിൽ പ്രതിയുടെ മൊഴിയെടുത്തശേഷം ക്രിമിനൽ നടപടിച്ചട്ടപ്രകാരം തുടർനടപടി സ്വീകരിക്കണം. ടിറ്റുവിന്റെ മെഡിക്കൽ റിപ്പോർട്ടിൽ അപാകത ഉണ്ട്‌. പരിക്കുകളെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. ജയിലിലേക്ക് മദ്യം കടത്തിയത് അന്വേഷിക്കാൻ ഉത്തരവിട്ടതാണ് പ്രതികളുടെ പരാതിക്ക് കാരണമെന്ന രീതിയിൽ ഡിഐജി മാധ്യമങ്ങളോട് പ്രതികരിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജയിൽ ഡിജിപിയോട് കോടതി നിർദേശിച്ചു. കോടതി നിർദേശിച്ചിട്ടും ആശുപത്രിയിൽ പ്രതിയെ കാണാൻ മാതാപിതാക്കളെ അനുവദിച്ചില്ലെന്ന പരാതിയെത്തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറെ അടിയന്തരമായി കോടതി വിളിച്ചുവരുത്തി. വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായ കമീഷണറോട് എന്തുകൊണ്ട് ഉത്തരവ് നടപ്പാക്കിയില്ലെന്ന്  ആരാഞ്ഞു. പ്രതിയെ കാണാൻ അനുവദിക്കാൻ  കോടതി നിർദേശിച്ചു.  കോവിഡ് വ്യാധി തുടങ്ങിയതിൽപ്പിന്നെ മകനെ കാണാൻ ജയിലധികൃതർ സമ്മതിച്ചിട്ടില്ലെന്നും മർദിച്ചെന്നും   കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ സെൽ റൂമിൽ ചികിത്സയിലുള്ള  പ്രതി ടിറ്റു ജെറോമിനെ മാതാപിതാക്കൾ സന്ദർശിച്ചു. Read on deshabhimani.com

Related News