മനോരമ വധം: പ്രതി 
24 മണിക്കൂറിനകം 
പിടിയിൽ



തിരുവനന്തപുരം വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ കൊന്ന്‌ പണവുമായി കടന്ന  പ്രതി ചെന്നൈയിൽ പിടിയിൽ. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ മനോരമ(68) യെ സാരിമുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പശ്‌ചിമബംഗാൾ സ്വദേശി ആദം അലി(21) യെ തിങ്കളാഴ്‌ചയാണ്‌ ആർപിഎഫ്‌ പിടികൂടിയത്‌.  മനോരമ കൊല്ലപ്പെട്ടുവെന്ന്‌ സ്ഥിരീകരിച്ച്‌ 24 മണിക്കൂറിനകമാണ്‌ പ്രതിയെ പിടികൂടിയത്‌. ഞായറാഴ്‌ച ഉച്ചയ്ക്കാണ്‌  കോളേജ്‌ ഓഫ്‌ എഡ്യൂക്കേഷനിൽ നിന്നും വിരമിച്ച മനോരമയെ കൊന്നതെന്നാണ്‌ പ്രാഥമിക നിഗമനം. തുടർന്ന്‌, വൈകിട്ട്‌ ഹൗറ എക്സ്പ്രസിൽ പ്രതി ചെന്നൈയിലേക്ക്‌ കടക്കുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനിൽ ഇയാൾക്ക് കയറാൻ കഴിഞ്ഞില്ല. പിന്നാലെ വന്ന ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ ഇയാൾ കയറാനുള്ള സാധ്യത പൊലീസ് മുൻകൂട്ടിക്കണ്ടു. തുടർന്ന്‌, റെയിൽവേ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും വിവിധ റെയിൽവേ സോണുകളിലേക്ക് കൈമാറി. ഈ ചിത്രങ്ങൾ കണ്ടാണ് ചെന്നൈയിൽ ഇറങ്ങിയ പ്രതിയെ ആർപിഎഫ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് സിഐ പി ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്ക് തിരിച്ചു. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മനോരമയുടെ വീടിനു സമീപത്ത്‌ കെട്ടിടനിർമാണത്തിന്‌ എത്തിയതായിരുന്നു ആദം അലി.  കൊലപാതകത്തിനുശേഷം ഇയാൾ മനോരമയെ വലിച്ചിഴച്ച് കിണറിൽ ഇടുന്ന ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ആദമിനെ പിന്തുടർന്ന് ‘മൂന്നാംകണ്ണ് ’ സുജിത് ബേബി സ്വർണവും പണവും തട്ടാൻ വയോധികയായ മനോരമയെ ശ്വാസം മുട്ടിച്ചുകൊന്ന് രക്ഷപ്പെടാമെന്ന് കരുതിയ ആദം അലി അറിയാതെ പോയത് തന്നെ പിന്തുടർന്ന മൂന്നാം കണ്ണിനെ. നിഷ്ഠുരമായ കൊലപാതകം നടത്തിയത് ആദം തന്നെയെന്ന് ഉറപ്പിച്ചത്‌ സിസിടിവി ദൃശ്യങ്ങളിലാണ്‌. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളിലെ വ്യക്തതയാണ് പ്രതിയെ ചെന്നൈ ആർപിഎഫിന്റെ കൈകളിലേക്ക് എത്തിച്ചതും. ഞായറാഴ്‌ച  ഉച്ചയോടെ കേശവദാസപുരത്തെ വീട്ടിൽവച്ചാണ് ആദം അലി മനോരമയെ കൊന്നത്. തുടർന്ന് വീടിന്റെ പിൻഭാഗത്ത്കൂടി വലിച്ചിഴച്ച് ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന് അടുത്തെത്തിച്ചു. ഈ ഭാഗത്ത് നിരീക്ഷണ കാമറകൾ ഇല്ല എന്ന് ഉറപ്പാക്കിയാണ് ആദം മനോരമയെ പിൻവശത്തുകൂടെ വലിച്ചിഴച്ചത്. എന്നാൽ, സംഭവം നടന്നതിന്റെ മൂന്നാമത്തെ വീട്ടിൽ പിന്നിലും കാമറയുണ്ടായിരുന്നു. ഇത് ആദം ശ്രദ്ധിച്ചില്ല. മനോരമയെ വലിച്ചുകൊണ്ട് വരുന്നതും കിണറിലേക്ക് തള്ളിയിടുന്നതും ഈ കാമറയിൽ പതിഞ്ഞു. പകൽ സമയമായതിനാൽ നല്ല വ്യക്തതയുമുണ്ടായി. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കളെ കാണിച്ച് ആദം തന്നെയെന്ന് ഉറപ്പാക്കി. കൊലപാതകത്തിനുശേഷം ആദം നഗരത്തിലെ പല സിസിടിവി ദൃശ്യങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഒടുവിൽ വൈകിട്ട് നാലോടെയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്രധാന കവാടത്തിൽനിന്ന് അകത്തേക്ക് കയറുന്ന ദൃശ്യമാണ് ആദ്യം ലഭിച്ചത്. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ദൃശ്യവും ലഭിച്ചു. ടിക്കറ്റ് എടുത്ത സമയം വ്യക്തമായതോടെയാണ് ചെന്നൈയിലേക്ക് കടക്കാനുള്ള സാധ്യത തെളിഞ്ഞത്. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ ഇയാൾക്ക് കിട്ടിയില്ല എന്നുറപ്പാക്കിയതും സിസിടിവിയിലെ സമയം കണക്കാക്കിയാണ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട അതേ വസ്ത്രം ധരിച്ചാണ് ആദം ചെന്നൈയിൽ ഇറങ്ങിയത്. ഇതോടെ ആർപിഎഫ് ഉദ്യോഗസ്ഥർക്കും ആദമിനെ തിരിച്ചറിയാൻ എളുപ്പമായി. Read on deshabhimani.com

Related News