കേരള സ്റ്റാർട്ടപ്‌ മിഷന്‌ വീണ്ടും ലോക അംഗീകാരം ; ലോകത്തിലെ മികച്ച 5 ബിസിനസ് 
ഇന്‍കുബേറ്ററുകളിലൊന്ന്‌



തിരുവനന്തപുരം കേരള സ്റ്റാർട്ടപ്‌ മിഷനെ (കെഎസ്‌യുഎം) ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിലൊന്നായി ലോക ബെഞ്ച്മാർക്ക് പഠനത്തിൽ അംഗീകരിച്ചു. സ്റ്റാർട്ടപ്‌ ആവാസ വ്യവസ്ഥകളെക്കുറിച്ച് 2021-–-22-ൽ യുബിഐ ഗ്ലോബൽ നടത്തിയ വേൾഡ് ബെഞ്ച് മാർക്ക് പഠനത്തിലാണ് അംഗീകാരം. ലോകത്തെ മികച്ച ബിസിനസ് ഇൻകുബേറ്ററുകളിലൊന്നായ സ്റ്റാർട്ടപ്‌ മിഷന്‌ ആഗോളതലത്തിൽ ലഭിക്കുന്ന വലിയ അംഗീകാരങ്ങളിലൊന്നാണ് ഇത്. അടുത്തിടെ പുറത്തുവന്ന ഗ്ലോബൽ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം റിപ്പോർട്ടിൽ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ നാലാം സ്ഥാനവും സ്റ്റാർട്ടപ്‌ മിഷന്‌ ലഭിച്ചിരുന്നു. സ്റ്റാർട്ടപ്പുകൾക്കായുള്ള വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമുകൾ, എഫ്എഫ്എസ് (ഫെയിൽ ഫാസ്റ്റ് ഓർ സക്സീഡ്) പ്രോഗ്രാം, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഫിസിക്കൽ ഇൻകുബേഷൻ പിന്തുണ, ചിട്ടയായ ഫണ്ടിങ്‌ സംവിധാനം തുടങ്ങിയവയാണ്‌ പരിഗണിച്ചത്‌. പൊതു-സ്വകാര്യ മേഖലകളിൽ മികച്ച സംഭാവന നൽകിയ 1895 സ്ഥാപനത്തെയാണ്‌ പഠനത്തിൽ വിലയിരുത്തിയത്‌. ഇതിൽ 356 സ്ഥാപനം പഠനത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചു. ഇതിൽനിന്നാണ്‌ സ്റ്റാർട്ടപ്‌ മിഷനെ ആദ്യ അഞ്ചിൽ ഉൾപ്പെടുത്തിയത്‌.   Read on deshabhimani.com

Related News