കേരളം കാക്കാൻ 446 വനിതകൾകൂടി

വനിതാ പൊലീസ്‌ പരിശീലനം


തൃശൂർ> സംസ്ഥാന പൊലീസ് സേനയിലേക്ക് 446 വനിതകൾകൂടി. വിദഗ്‌ധ പരിശീലനം പൂർത്തിയാക്കി വനിതാ പൊലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിങ്‌ ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന്‌ നടക്കും.  രാമവർമപുരം  പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി  പിണറായി വിജയൻ പരേഡ് സല്യൂട്ട് സ്വീകരിക്കും.   പരിശീലന കാലയളവിൽ ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന ഔട്ട് ഡോർ വിഭാഗത്തിൽ  പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രിൽ, ആയുധ പരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാത്തെ, ലാത്തി പ്രയോഗം, സെൽഫ് ഡിഫൻസ്, ഫീൽഡ് എൻജിനിയറിങ്, കമാൻഡോ ട്രെയിനിങ്, ബോംബ് ഡിറ്റക്ഷൻ ആൻഡ്‌ ഡിസ്പോസൽ, വിവിഐപി സെക്യൂരിറ്റി, ജംഗിൾ ട്രെയിനിങ്‌, ഫയർ ഫൈറ്റിങ്‌, ഹൈ ആൾട്ടിട്യൂഡ്  ട്രെയിനിങ്‌,  ഭീകരവിരുദ്ധ പരിശീലനം, ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു. ഇൻഡോർ വിഭാഗത്തിൽ ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, അബ്കാരി ആക്ട്, എൻഡിപിഎസ് ആക്ട്, വിവരാവകാശ നിയമം, ജെൻഡർ ഇക്വാളിറ്റി, മനുഷ്യാവകാശ സംരക്ഷണം, ഭരണനിർവഹണം, സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം, സൈബർ നിയമം, ഫോറൻസിക് സയൻസ്, ക്രിമിനോളജി തുടങ്ങിയവയിൽ പരിശീലനം ലഭിച്ചു.  നീന്തൽ, ഡ്രൈവിങ്‌, കംപ്യൂട്ടർ എന്നീ പരിശീലനങ്ങളും ഉൾപ്പെടുന്നു.  കൊച്ചി നേവൽ ബേസിലും  കോസ്റ്റ്ഗാർഡ് ആസ്ഥാനത്തുമായി കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം, തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പരിശീലനം എന്നിവയും നേടി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ പ്രത്യേക മൊഡ്യൂൾ പ്രകാരം പരിശീലിപ്പിച്ച് വൈദഗ്ധ്യം നേടി. 2021 ഏപ്രിൽ 15 നാണ് ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളിൽ കോവിഡ് വ്യാപനം രൂക്ഷമായി. തുടർന്ന് 66 ദിവസം  മാതൃപൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചതോടെ അനുഭവസമ്പത്ത്‌ നേടി.    എംസിഎ 2, എംബിഎ 6, എംടെക് 7, ബിടെക് 58, ബിഎഡ് 50, ബിരുദാനന്തര ബിരുദം 119, ബിരുദം 186 എന്നിങ്ങനെ ഉയർന്ന യോഗ്യതയുള്ളവർ സേനയിലുണ്ട്‌. Read on deshabhimani.com

Related News