ഇ ടാപ്പ്‌, സെൽഫ്‌ മീറ്റർ റീഡിങ്‌ സംവിധാനങ്ങൾക്ക്‌ തുടക്കമായി



തിരുവനന്തപുരം കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനമായ ഇ ടാപ്പ്, സെൽഫ് മീറ്റർ റീഡിങ് എന്നിവയടക്കം പുതിയ അഞ്ച് സോഫ്‌റ്റ്‌വെയർ സജ്ജമായി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. അപേക്ഷകർക്ക് ഒരു ഘട്ടത്തിലും ഓഫീസുകളിൽ നേരിട്ടെത്താതെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതാണ്‌  ഇ -ടാപ്പ് സംവിധാനം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം പിടിപി നഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിലെ പാളയം സെക്‌ഷൻ, കോഴിക്കോട് ജില്ലയിലെ ഡിസ്ട്രിബ്യൂഷൻ സബ് ഡിവിഷൻ 1 എന്നീ വാട്ടർ അതോറിറ്റി ഓഫീസുകളിലാണ് സൗകര്യം. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽപോലും അപേക്ഷകൻ ഓഫീസിലെത്തേണ്ട. സ്വയം മീറ്റർ റീഡിങ് നടത്താമെന്നതാണ്‌  സെൽഫ് റീഡിങ് സോഫ്‌റ്റ്‌വെയർ. വാട്ടർ അതോറിറ്റി ഓഫീസിൽ ബിൽ സൃഷ്ടിക്കപ്പെടുമ്പോൾത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് വഴി റീഡിങ് സ്വയം രേഖപ്പെടുത്താം. ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മാനേജ്‌മെന്റ് സൊല്യൂഷൻ (എഫ്എഎംഎസ്), മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം, ആപ്ട് എന്നീ സോഫ്‌റ്റ്‌വെയറുകളും മന്ത്രി ഉദ്ഘാടനംചെയ്തു. വാട്ടർ അതോറിറ്റിയുടെ 650-ഓളം ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണത്തിന്‌ സഹായകരമായ ഡിജിറ്റൽ ബാങ്കിങ് സൊല്യൂഷനാണ് എഫ്എഎംഎസ്.സ്റ്റോറുകളിലെ സാമഗ്രികളുടെ കൈകാര്യം കാര്യക്ഷമമാക്കുന്നതാണ് മെറ്റീരിയൽസ് മാനേജ്മെന്റ് സിസ്റ്റം. ദർഘാസ് പരസ്യം പ്രസിദ്ധീകരിക്കാനുള്ള ഓൺലൈൻ സംവിധാനമാണ് ആപ്റ്റ്. Read on deshabhimani.com

Related News