ആരോഗ്യ സർവകലാശാല : 
16,298 പേർക്ക് ബിരുദം നൽകി



തൃശൂർ കേരള ആരോഗ് യശാസ്ത്ര സർവകലാശാലയിൽനിന്ന്‌ പഠനം  പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള ബിരുദദാനച്ചടങ്ങ്‌   തൃശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ ചാൻസലർ  ആരിഫ് മൊഹമ്മദ് ഖാൻ  ഉദ്‌ഘാടനം ചെയ്‌തു.  പഠിച്ചത് സമൂഹത്തിനുകൂടി ഉപകരിക്കുന്നതരത്തിൽ ഉപയോഗിക്കുന്നവരെയാണ് നമ്മുടെ രാജ്യത്തിനാവശ്യമെന്ന്‌ ഗവർണർ പറഞ്ഞു. പണമോ സൗകര്യങ്ങളോ ഇല്ലാത്തതിന്റെ പേരിൽ ഒരു രോഗിക്കുപോലും ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്നും ഗവർണർ പറഞ്ഞു.മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, ദന്തൽ, നഴ്സിങ്‌, ഫാർമസി, പാരാമെഡിക്കൽ വിഭാഗങ്ങളിലെ 16,298  വിദ്യാർഥികൾക്ക്‌ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്ന ഡോ. സി കെ ജയറാം പണിക്കരുടെ സ്മരണാർഥം എംബിബിഎസ്‌ പരീക്ഷയ്‌ക്ക് മൈക്രോബയോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിക്കുള്ള എൻഡോവ്മെന്റ് അവാർഡ് എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അമൃതകൃഷ്ണയ്ക്ക് സമ്മാനിച്ചു. ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും ഫലകവും ചടങ്ങിൽ വിതരണം ചെയ്തു. ബിരുദം സ്വീകരിക്കാനെത്തിയ വിദ്യാർഥികളെ ഹാളിന്‌ അകത്തേക്ക്‌ കയറ്റാതിരുന്നത്‌ നേരിയ തർക്കത്തിനിടയാക്കി. വൈസ് ചാൻസലർ  ഡോ. മോഹനൻ കുന്നുമ്മൽ, പ്രോ വൈസ് ചാൻസലർ ഡോ. സി പി വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. എ കെ മനോജ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ പി രാജേഷ്, ഡീൻമാരായ ഡോ. കെ എസ്‌ ഷാജി, ഡോ. വി എം ഇക്ബാൽ, ഡോ. ആർ ബിനോജ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News