മഴവില്ലഴകിൽ മംഗല്യം ; ആഘോഷമായി ട്രാൻസ്ജെൻഡർ വിവാഹം



കൊല്ലങ്കോട് ട്രാൻസ്ജെൻഡർ യുവതിയും യുവാവും ദാമ്പത്യ ജീവിതത്തിലേക്ക്. തെക്കേപ്പാവടി ശെങ്കുന്തർ കല്യാണമണ്ഡപമാണ് വിവാഹവേദിയായത്. തിരുവനന്തപുരത്തെ ജയൻ –-മിനി ദമ്പതിമാരുടെ മകൾ അദ്വികയും ആലപ്പുഴയിലെ വി എ പ്രസാദ് –-സുഷമ ദമ്പതിമാരുടെ മകൻ നിലൻ കൃഷ്ണയുമാണ് വിവാഹിതരായത്. കൊല്ലങ്കോട്  സ്വകാര്യ  സ്ഥാപനമായ ഫിൻമാർട്ടിലെ ജീവനക്കാരാണ് ഇവർ. സ്ഥാപനത്തിന്റെ മാനേജ്മെന്റും ജീവനക്കാരും താൽപര്യമെടുത്താണ് വിവാഹം നടത്തിയത്. വരനെ താലപ്പൊലിയോടെ സ്വീകരിച്ച് വിവാഹവേദിയിലെത്തിച്ചു. തുടർന്ന് ചടങ്ങുകൾ നടത്തി താലികെട്ടി വരണമാല്യം ചാർത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ സത്യപാൽ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ സന്തോഷ് കുമാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. തുടർന്ന് സദ്യയും ഉണ്ടായി. കൊല്ലങ്കോട് പഞ്ചായത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സത്യപാൽ പറഞ്ഞു. കാച്ചാംകുറിശ്ശി  മഹാവിഷ്‌ണു ക്ഷേത്രത്തിൽ താലികെട്ട്‌ നടത്താനായിരുന്നു നിശ്‌ചയിച്ചത്‌. അതിന്‌ ഇവർ ഒരാഴ്‌ച മുമ്പ്‌ ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാൽ ക്ഷേത്ര ഉദ്യോഗസ്ഥൻ ചില സംശയങ്ങൾ ഉന്നയിക്കുകയും ആധാർകാർഡുമായി വരാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഇതോടെ മണ്ഡപത്തിലേക്ക്‌ മാറ്റുകയായിരുന്നു. വിവാഹ വേദിയിൽവച്ച്‌ ഇവർ ദേശാഭിമാനിയുടെ വാർഷിക വരിക്കാരായി. Read on deshabhimani.com

Related News