കേരള ടൂറിസം മാതൃക പിന്തുടരാന്‍ മധ്യപ്രദേശും; ധാരണപത്രം ഒപ്പിട്ടു



തിരുവനന്തപുരം > കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തിൽ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാൻ മധ്യപ്രദേശും കേരളവും തമ്മിൽ ധാരണയായി. ഇതുമായി ബന്ധപ്പെട്ട ധാരണപത്രം തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മധ്യപ്രദേശ് ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷാ താക്കൂറിന് കൈമാറി. ധാരണപത്ര പ്രകാരം പതിനാറിന പരിപാടിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ മധ്യപ്രദേശിൽ നടപ്പാക്കേണ്ടത്. ടൂറിസം മേഖലയുടെ സമ്പൂർണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെമാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ഉത്തരവാദിത്ത ടൂറിസത്തിന്‌ കീഴിൽ 20,000ലേറെ യൂണിറ്റിലായി ചെറുകിട സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ധർ, പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെടുന്നവർ, കർഷകർ തുടങ്ങി ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കളുണ്ട്. നിപാ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 2017ന്‌ ശേഷം 35 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ടൂറിസം മാതൃക പകർത്തുന്നതിനൊപ്പം മഹത്തായ സംസ്കാരത്തിന്റെ വിനിമയം കൂടിയാണ് സാധ്യമാക്കുന്നതെന്ന്‌ മന്ത്രി ഉഷാ താക്കൂർ പറഞ്ഞു. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള കോ-ഓർഡിനേറ്റർ കെ രൂപേഷ്, കെടിഡിസി എം ഡി കൃഷ്ണ തേജ, മധ്യപ്രദേശ് ടൂറിസം ബോർഡ് ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണൽ മാനേജിങ്‌ ഡയറക്ടറുമായ സോണിയ മീണ, മധ്യപ്രദേശ് ടൂറിസം ബോർഡ് ഡയറക്ടർ മനോജ് കുമാർ സിങ്‌, വാർഡ് കൗൺസിലർ ഡോ. കെ എസ് റീന, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം, ഐഎടിഒ സീനിയർ വൈസ് പ്രസിഡന്റ്‌ ഇ എം നജീബ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News