സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന്‌ സമ്മാനിക്കും



തിരുവനന്തപുരം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.  വൈകിട്ട് ആറിന്‌ തിരുവനന്തപുരത്ത്‌ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്‌ സമർപ്പണമെന്ന്‌ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സംസ്ഥാന  സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം  മാധ്യമപ്രവർത്തകൻ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച നടനുള്ള അവാർഡ് പങ്കിട്ട ബിജു മേനോൻ, ജോജു ജോർജ്, മികച്ച നടി രേവതി, സംവിധായകൻ ദിലീഷ് പോത്തൻ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ആർ കെ കൃഷാന്ദ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരൻ, എഡിറ്റർ മഹേഷ് നാരായണൻ, ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ ഉൾപ്പെടെ 50 പേർ പുരസ്‌കാരം ഏറ്റുവാങ്ങും. 2021ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശിപ്പിക്കും. ‘മലയാള സിനിമ, നാൾവഴികൾ’  റഫറൻസ് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ്‌ മന്ത്രി ജി ആർ അനിൽ പ്രകാശിപ്പിക്കും. വി കെ പ്രശാന്ത് എംഎൽഎ ഏറ്റുവാങ്ങും. തുടർന്ന്‌, ബിജിബാൽ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്’ സംഗീത പരിപാടി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്ത്‌, വൈസ്‌ ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്‌ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News