കേരള സ്റ്റാർട്ടപ്പിന്‌‌ യുഎസ്‌ അംഗീകാരം ; ജിഒകെ ഡയറക്ട്‌ -കേരളയെ തെരഞ്ഞെടുത്തു



കോവിഡ് പ്രതിസന്ധി മറികടക്കാൻ സമൂഹത്തെ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി കേരള സ്റ്റാർട്ടപ് മിഷന്റെ മേൽനോട്ടത്തിലുള്ള ക്യുകോപ്പി വികസിപ്പിച്ച ജിഒകെ ഡയറക്ട്‌ -കേരളയെ തെരഞ്ഞെടുത്തു. ആഗോളാടിസ്ഥാനത്തിൽ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇൻകോർപറേറ്റഡ് എന്ന സ്ഥാപനം തെരഞ്ഞെടുത്തത്. 12 ആപ്പുകൾക്കുമായി‌ രണ്ടു കോടിയോളം രൂപ ഗ്രാൻഡ്‌ ലഭിക്കും. ഇന്ത്യയിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഏക ആപ്‌ ആണ് ജിഒകെ ഡയറക്ട്. കോവിഡിനൊപ്പം നിപാ, പ്രളയം തുടങ്ങിയ പ്രതിസന്ധികളിലും കൃത്യമായ വിവരങ്ങളും വസ്തുതകളും ജനങ്ങളിൽ എത്തിക്കാൻ ജിഒകെ ഡയറക്ട് നടത്തിയ ശ്രമങ്ങളും പുരസ്‌കാരനിർണയത്തിൽ പരിഗണിച്ചു. ഈ സേവനവും മെച്ചപ്പെട്ട സാങ്കേതികവിദ്യയും  ഭാവിയിൽ മികവ്‌ തെളിയിക്കാനുള്ള സാധ്യതകളുമാണ് ക്യുകോപ്പിയെ അവാർഡിന് അർഹമാക്കിയത്. സംസ്ഥാന സർക്കാരിൽനിന്നുള്ള വിവരങ്ങൾ ജനങ്ങളിൽ എളുപ്പം എത്തിക്കുന്ന ആപ് ആയാണ് ജിഒകെ ഡയറക്ടിനെ ക്യുകോപ്പി വികസിപ്പിച്ചെടുത്തത്. സർക്കാരിന്റെ അറിയിപ്പുകൾ, മാർഗനിർദേശങ്ങൾ, ക്വാറന്റൈൻ വിവരങ്ങൾ, സുരക്ഷാ നിർദേശങ്ങൾ, സന്ദർശകർ പാലിക്കേണ്ട നിബന്ധനകൾ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ജിഒകെ ഡയറക്ട് ആപ് വഴി ലഭിക്കും. Read on deshabhimani.com

Related News