സ്‌കൂളുകളിൽ 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കണം ; ക്യുഐപി യോഗ ശുപാർശ



തിരുവനന്തപുരം പൊതുവിദ്യാലയങ്ങളിൽ 220 പ്രവൃത്തിദിനം സാധ്യമാക്കാൻ പുതിയ അധ്യയന വർഷം 12 ശനിയാഴ്‌ച പ്രവൃത്തിദിനമാക്കാൻ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) ശുപാർശ ചെയ്‌തു. എന്നാൽ, ആഴ്‌ചയിൽ തുടർച്ചയായി ആറ്‌ ദിവസം ക്ലാസുണ്ടാകില്ല. ഇടയിൽ അവധി ദിനങ്ങൾ വരുന്ന ആഴ്‌ചകളിൽ ശനി പ്രവൃത്തിദിനമാകും. വിദ്യാഭ്യാസ കലണ്ടറിന്‌ അംഗീകാരം നൽകാൻ ചേർന്ന ക്യുഐപി യോഗമാണ്‌ ഈ ശുപാർശ നൽകിയത്‌. ഓണപ്പരീക്ഷ ആഗസ്‌ത്‌ 17 മുതൽ 24 വരെ നടത്തണം. ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 14 മുതൽ 21 വരെയും. കലോത്സവങ്ങളും കായികമേളയും ആഗസ്‌തിൽ ആരംഭിക്കും. ശുപാർശയിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം വിദ്യാഭ്യാസ കലണ്ടർ ഉടൻ പ്രസിദ്ധീകരിക്കും. മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കൽ, എല്ലാ വിഷയങ്ങൾക്കും അധ്യാപകരുണ്ടെന്ന്‌ ഉറപ്പാക്കൽ എന്നിവയും യോഗം ചർച്ച ചെയ്‌തു. കഴിഞ്ഞ വർഷം 198 സാധാരണ പ്രവൃത്തി ദിനത്തിനൊപ്പം നാല്‌ ശനിയാഴ്‌ചയിലായിരുന്നു പ്രവൃത്തി ദിനം. ഇത്തവണ കൂടുതൽ സാധാരണ പ്രവൃത്തിദിനങ്ങൾ ലഭ്യമാകുമെന്നും ഒപ്പം 12 ശനികൂടി ലഭിക്കുന്നതോടെ 220 അധ്യയന ദിനം സാധ്യമാക്കാമെന്നുമാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News