പൊലീസുദ്യോഗസ്ഥരുടെ നടപടി 
പരിശോധിക്കാൻ സംവിധാനം ; കർശനനടപടി സ്വീകരിക്കാൻ പദ്ധതികളുമായി പൊലീസ്‌



തിരുവനന്തപുരം ഗുണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ക്രിമിനൽക്കേസുകളിൽ ഉൾപ്പെടുകയും ചെയ്‌ത ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ പദ്ധതികളുമായി പൊലീസ്‌. നിലവിൽ വകുപ്പുതല നടപടി നേരിടുകയും ക്രിമിനൽ കേസിൽ ഉൾപ്പെടുകയും ചെയ്‌തവരുടെ കണക്ക് പൊലീസ്‌ ആസ്ഥാനത്ത്‌ ശേഖരിച്ചുതുടങ്ങി. മുഴുവൻ ജില്ലകളിലും പൊലീസുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആഭ്യന്തര വിജിലൻസ്‌ സംവിധാനവും പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്‌. വകുപ്പുതല നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ്‌ ആസ്ഥാനത്ത്‌ പിആർ സെൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടികൾ പരിശോധിക്കുകയാണ്‌ ഈ സെല്ലിന്റെ ചുമതല. ഇതിനൊപ്പം ക്രിമിനൽ കേസുകളിലുൾപ്പെട്ടവരുടെ വിവരങ്ങളുമെടുക്കുന്നുണ്ട്‌. എൻആർഐ സെൽ എസ്‌പിയുടെ നേതൃത്വത്തിലാണ്‌ വിവരശേഖരണം നടക്കുന്നത്‌. ക്രിമിനൽ കേസുകളിലുൾപ്പെട്ടശേഷം വകുപ്പുതല നടപടി നേരിടാതിരുന്നവരുണ്ടോയെന്ന പരിശോധനയും പ്രത്യേകം നടക്കുന്നുണ്ട്‌. ഓരോ കേസും പുനഃപരിശോധിച്ച്‌ തീവ്രതയനുസരിച്ച്‌ തരംതിരിക്കാനാണ്‌ പൊലീസ്‌ മേധാവിയുടെ നിർദേശം. എല്ലാ ജില്ലകളിൽനിന്നും പൊലീസുകാരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട്‌ നൽകാനും നിർദേശം നൽകിയിട്ടുണ്ട്‌. ആഭ്യന്തര വിജിലൻസ്‌ സെല്ലിനാണ്‌ ഇതിന്റെ ചുമതല. അതത്‌ ദിവസം പൊലീസ്‌ ആസ്ഥാനത്തെ എഡിജിപിക്ക്‌ റിപ്പോർട്ട്‌ നൽകും. Read on deshabhimani.com

Related News