സ്‌ത്രീസുരക്ഷ പ്രമേയമാക്കി കവചം, കാവൽ ലഘുചിത്രങ്ങൾ



കൊച്ചി സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പൊലീസ് തയ്യാറാക്കിയ കവചം, കാവൽ എന്നീ ലഘുചിത്രങ്ങൾ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പ്രകാശിപ്പിച്ചു. പൊലീസ് ആസ്ഥാനത്ത് ഓൺലൈനായി നടന്ന ചടങ്ങിൽ ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം എന്നിവരും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും അണിയറപ്രവർത്തകരും പങ്കെടുത്തു. കൊച്ചി സിറ്റി പൊലീസാണ് വനിതാ സ്വയംപ്രതിരോധ തന്ത്രങ്ങൾ ഉൾക്കൊള്ളിച്ച് ലഘുചിത്രങ്ങൾ തയ്യാറാക്കിയത്. കേരള പൊലീസിന്റെയും നിർഭയ വളന്റിയർമാരുടെയും നേതൃത്വത്തിൽ പഠിപ്പിക്കുന്ന സ്വയംപ്രതിരോധ പാഠങ്ങളാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളം മെട്രോ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ എ അനന്തലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്. തൃശൂർ റൂറൽ എസ്‌പി ഐശ്വര്യ പി ഡോംഗ്രേയുടേതാണ് ആശയം. സുഗുണൻ ചൂർണിക്കര, ഡോ. മധു വാസുദേവ് എന്നിവർ രചിച്ച് ഗോപീസുന്ദർ, റ്വിഥിക് ചന്ദ് എന്നിവർ ഈണം നൽകിയ ഗാനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്റ്റ കലാജ്യോതി, ആതിര ജനകൻ, അരുൺ അശോക്, എസ്‌ സായന്ത്, ശ്യാം പ്രസാദ്, സയനോര എന്നിവരാണ് ഗായകർ. കേരള പൊലീസ്, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ എന്നിവയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജുകളിൽ പ്രകാശിപ്പിച്ച ലഘുചിത്രങ്ങൾ  നടൻ മമ്മൂട്ടി, നടി നിമിഷ സജയൻ എന്നിവരുടെ ഫെയ്സ്ബുക് പേജുകളിലും തത്സമയം പ്രകാശിപ്പിച്ചു. Read on deshabhimani.com

Related News