വീട്ടമ്മമാർ വീട്ടിലിരിക്കേണ്ടവരല്ല ; നിയമസഭയിൽ താരമായി വീട്ടമ്മ



തിരുവനന്തപുരം വെള്ളിയാഴ്‌ച നിയമസഭയിൽ താരമായി വീട്ടമ്മ. ‘2021ലെ വീട്ടമ്മമാരുടെ ക്ഷേമനിധി ബോർഡ്‌ രൂപീകരണ ബിൽ ’ അവതരണാനുമതി തേടിയുള്ള മുസ്ലിം ലീഗിലെ ടി വി ഇബ്രാഹിമിന്റെ  പ്രമേയാവതരണമായിരുന്നു രംഗം. ബില്ലിന്റെ പ്രാകൃത സ്വഭാവവും സ്‌ത്രീകളെ വീട്ടിൽത്തന്നെയിരുത്തി ‘അടിമ’കളാക്കുന്ന സംസ്കാരം തടയേണ്ടതിന്റെ ആവശ്യകതയും സഭയിൽ മുഴങ്ങി. ബിൽ ഒട്ടും പ്രസക്തമല്ലെന്ന്‌  മന്ത്രി വീണാ ജോർജ്‌ വ്യക്തമാക്കി. ‘‘സ്‌ത്രീകളെ വീട്ടിൽ തളച്ചിടാനല്ല, അവരെ ശാക്തീകരിച്ച്‌ സമൂഹനിർമാണ പ്രക്രിയയുടെ ഭാഗമാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. രാജ്യത്തെ ഉന്നത സ്ഥാനങ്ങളിലേക്കെല്ലാം സ്‌ത്രീകളെത്തണം. ഏത്‌ ഉന്നതജോലി നോക്കാനും പ്രാപ്തരാക്കണം. സ്വന്തം അഭിപ്രായം പറയാൻ അവർക്ക്‌ അവകാശമുണ്ട്‌.  മുൻനിരയിലേക്കെത്തിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികൾ സർക്കാർ നടപ്പാക്കുകയാണ്‌.  അവർ ആനുകൂല്യം വാങ്ങി വീട്ടുജോലി ചെയ്തിരിക്കണമെന്ന വാദം അംഗീകരിക്കാനാകില്ല ’’–-മന്ത്രി പറഞ്ഞു.  ബില്ലിനുവേണ്ടി  ഇബ്രാഹിം പല വാദമുഖങ്ങളും ഉയർത്താൻ ശ്രമിച്ചു.  യുഡിഎഫ്‌ നിരയിൽനിന്ന്‌ കെ കെ രമയും  ശക്തമായ എതിർപ്പ്‌ അറിയിച്ചു. ഇതോടെ ഇബ്രാഹിം അടങ്ങി. 1996ൽ താൻ മന്ത്രിയായിരിക്കുമ്പോൾ മറുപടി പറഞ്ഞ അതേ സ്വകാര്യ ബില്ലിനുള്ള അവതരണാനുമതി പ്രമേയത്തിന്‌ വീണ്ടും മറുപടി പറയേണ്ടി വന്നതിന്റെ വിചിത്ര സാഹചര്യം മന്ത്രി കെ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ടി ഐ മധുസൂദനന്റെ ‘ആരാധനാലയങ്ങളിലെ സംഘടനാ പ്രവർത്തനം നിയന്ത്രിക്കൽ ’, പി പി ചിത്തരഞ്ജന്റെ ‘ കളിസ്ഥല സംരക്ഷണ–-പരിപാലനം ’ ബില്ലുകളും തുടർചർച്ചയ്‌ക്കായി മാറ്റി. Read on deshabhimani.com

Related News