സഭയിൽ പ്രതിപക്ഷത്തിന് തിരിച്ചടി ; പഴകിപ്പുളിച്ച ആരോപണങ്ങൾ ; ബിജെപിയുടെ നാവായി പകർന്നാട്ടം



  തിരുവനന്തപുരം   തിങ്കളാഴ്‌ച നിയമസഭയിൽ സ്വന്തം അടിയന്തരപ്രമേയത്തിൽനിന്ന്‌ ഒളിച്ചോടിയ പ്രതിപക്ഷത്തിന്‌ ചൊവ്വാഴ്‌ചത്തെ രണ്ടാം അടിയന്തരപ്രമേയത്തിലും അടിതെറ്റി. സ്വർണക്കടത്തുകേസ്‌ സംബന്ധിച്ച പ്രമേയത്തിന്‌ അനുമതി നൽകിയാണ്‌ ഭരണപക്ഷം ചൊവ്വാഴ്‌ച സ്‌കോർ ചെയ്‌തത്‌.  പ്രമേയത്തിന്‌ സ്‌പീക്കർ അനുമതി നൽകിയതോടെ പ്രതിപക്ഷമാണ്‌ ഞെട്ടിയത്‌.   നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ഒരു വരിപോലും അധികം പറയാനില്ലാതെ പ്രതിപക്ഷ അംഗങ്ങൾ വിയർത്തു.  മുഖ്യമന്ത്രി പിണറായി വിജയന്റെ  മറുപടിയോടെ പ്രതിപക്ഷം സഭയിൽ ബിജെപിയുടെ ശബ്‌ദമായോ എന്ന സംശയവും ജനിച്ചു. രഹസ്യമൊഴിയിലെ വിവരങ്ങൾ സ്വപ്‌നയിൽനിന്നാണോ, ഇടനിലക്കാർ വഴിയാണോ കിട്ടുന്നതെന്ന ചോദ്യത്തിനു മുന്നിലും പ്രതിപക്ഷത്തിന്റെ പത്തി താണു.  തെല്ലും കഴമ്പില്ലാത്ത ‘വെളിപ്പെടുത്തലുകളിലെ’ രാഷ്‌ട്രീയ ദുഷ്ടലാക്ക്‌ സഭയിൽ തുറന്നുകാട്ടി. ഒപ്പം ഇല്ലാക്കഥകൾ പ്രചരിപ്പിച്ച്‌ രണ്ടുവർഷത്തിനിടെ സംസ്ഥാനത്ത്‌ കലാപലക്ഷ്യത്തോടെ നടത്തിയ ഒന്നാം തിരക്കഥ ജനം തള്ളിയതും മുഖ്യമന്ത്രി ഓർമിപ്പിച്ചു.  സ്വർണക്കടത്തിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ ബാധ്യസ്ഥരായ കേന്ദ്ര ഏജൻസികളെയോ കേന്ദ്ര സർക്കാരിനെയോ വാക്കുകൊണ്ടുപോലും നോവിക്കാത്ത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പും സഭാ ചർച്ചയിൽ വെളിപ്പെട്ടു.  സംഘപരിവാർ പിന്തുണയുള്ള, മുൻകോൺഗ്രസ്‌ നേതാവിന്റെ സ്ഥാപനം ജോലിയും കാറും വീടും അഭിഭാഷകനെയും നൽകി സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത്‌ പരസ്യമായ രഹസ്യമാണ്‌. എന്നാൽ, ഇതൊന്നും അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ്‌ അടിയന്തര പ്രമേയാവതാരകൻ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും അടക്കമുള്ളവർ സംസാരിച്ചത്‌. ഖുർ ആൻ വഴിയും ഈന്തപ്പഴം വഴിയും സ്വർണക്കടത്ത്‌ നടത്തിയെന്ന്‌ പ്രചരിപ്പിച്ചവർ തുടർന്ന്‌ ബിരിയാണി ചെമ്പിന്റെ കഥ കൊണ്ടുവന്നതിലെ തെറ്റായ സാമുദായിക സൂചനയും ചർച്ചയായി. കേസിന്റെ ആദ്യദിനംമുതൽ ഉന്നയിച്ച കള്ള പ്രചാരണങ്ങൾ ഓരോന്നായി നിരത്തി കെ ടി ജലീൽ ഉന്നയിച്ച ചോദ്യങ്ങൾക്കും പ്രതിപക്ഷത്തിന്‌ ഉത്തരംമുട്ടി. ഉമ്മൻചാണ്ടിയും  രമേശ്‌ ചെന്നിത്തലയും ഈ സമയത്ത്‌ വിട്ടുനിന്നതും ചർച്ചയായി. Read on deshabhimani.com

Related News