തിയറ്റർ തുറക്കൽ : ചേംബർ തീരുമാനത്തിൽ ഭിന്നത; തിയറ്റർ ഉടമാസംഘടന നാളെ യോഗം ചേരും



സിനിമ തിയറ്ററുകൾ അനിശ്‌ചിതമായി അടച്ചിടാനുള്ള തീരുമാനത്തിൽ തിയറ്റർ ഉടമാസംഘടനയിൽ ഭിന്നത. കഴിഞ്ഞദിവസം കേരള ഫിലിം ചേംബർ വിളിച്ച സംയുക്തയോഗത്തിൽ എടുത്ത തീരുമാനമാണ്‌ തിയറ്റർ ഉടമകൾക്കിടയിൽ ഭിന്നതയുണ്ടാക്കിയത്‌. ഇക്കാര്യം ചർച്ച ചെയ്യാൻ ശനിയാഴ്‌ച തിയറ്റർ ഉടമാസംഘടന അടിയന്തര ജനറൽബോഡി യോഗം വിളിച്ചു. പത്തുമാസമായി അടച്ചിട്ട തിയറ്ററുകൾ സർക്കാർ അനുമതി കിട്ടിയതോടെ‌ 13ന്‌ തുറക്കാൻ ഉടമാസംഘം തീരുമാനിച്ചിരുന്നു. തിങ്കളാഴ്‌ച ചേർന്ന എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലായിരുന്നു തീരുമാനം. 13ന്‌ റിലീസാകുന്ന വിജയ്‌യുടെ തമിഴ്‌ ചിത്രം പ്രദർശിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ, ചൊവ്വാഴ്‌ച ഫിലിം ചേംബർ വിളിച്ച സംയുക്തയോഗത്തിൽ തിയറ്ററുകൾ ഉടൻ തുറക്കേണ്ടെന്നാണ്‌ തീരുമാനിച്ചത്‌. സർക്കാരിന്റെ സാമ്പത്തിക പാക്കേജ്‌ കിട്ടിയശേഷം തുറന്നാൽ മതിയെന്നും തീരുമാനിച്ചു. തിയറ്റർ ഉടമകൾ ഇതിനെ എതിർത്തിരുന്നു. എങ്കിലും ചേംബർ തീരുമാനത്തിനൊപ്പം നിന്നു. യോഗത്തിനുശേഷം തിയറ്റർ ഉടമകളിൽ ഭൂരിഭാഗവും തീരുമാനത്തിനെതിരെ രംഗത്തുവന്നതോടെ സംഘടനാ ഭാരവാഹികൾ വെട്ടിലായി. വിജയ്‌യുടെ ചിത്രത്തിന്‌ കേരളത്തിലെ തിയറ്റർ ഉടമകളിൽ പലരും പണം നൽകിയിട്ടുണ്ട്‌‌. റിലീസ്‌ ദിവസം പടം കളിച്ചില്ലെങ്കിൽ വലിയ നഷ്‌ടമുണ്ടാകും. ജനറൽബോഡി വിളിച്ച്‌ തീരുമാനമെടുക്കണമെന്ന്‌ ഒരു വിഭാഗം ഉടമകൾ ആവശ്യപ്പെട്ടു. തിയറ്റർ തുറക്കുന്ന കാര്യം, ശനിയാഴ്‌ച ചേരുന്ന ജനറൽബോഡി തീരുമാനം അനുസരിച്ചായിരിക്കുമെന്ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ യുണൈറ്റഡ്‌ ഓർഗനൈസേഷൻ സെക്രട്ടറി എം സി ബോബി പറഞ്ഞു. Read on deshabhimani.com

Related News