ലോക്ക്‌ ഡൗൺ കാലത്ത്‌ ഭക്ഷണം വീട്ടിലെത്തിക്കും; ആലപ്പുഴ മുതൽ ചേർത്തല വരെ ജനകീയ ഹോട്ടലുകളുടെ ശൃംഖല തയ്യാറായി



‌ആലപ്പുഴ > ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിന് ആലപ്പുഴ പട്ടണം മുതൽ ചേര്‍ത്തല പട്ടണം വരെയുള്ള പ്രദേശത്ത് ജനകീയ ഹോട്ടലുകളുടെ ശൃംഖല  തയ്യാറായെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ അറിയിച്ചു. ജനകീയ ഹോട്ടൽ ഭക്ഷണ ശാലകളിൽ ചെല്ലുന്നവർക്ക് 20രൂപയ്ക്ക് ഊണ് ലഭിക്കുന്നതായിരിക്കും. ഭക്ഷണ ശാലകളിൽ ഇരുന്നു ഊണ് കഴിക്കാൻ പാടില്ല.  അതുകൊണ്ട് ഊണ് കൊണ്ട് പോവുന്നതിനുള്ള പാത്രങ്ങൾ കൂടി കൊണ്ട് വരേണ്ടതാണ്. വീടുകളിൽ ഭക്ഷണം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ തലേ ദിവസം രാത്രി 8 മണിക്ക് മുൻപായി ഫോൺ എസ്.എം.എസ് വഴി ആവശ്യം അറിയിക്കേണ്ടതാണ്. ഭക്ഷണ ശാലകളിൽ വന്നു വാങ്ങുന്ന ഊണിനു 20 രൂപയും വീടുകളിൽ എത്തിക്കുന്ന ഊണിനു 25 രൂപയും ആകും വില. സ്പെഷ്യൽ ആയി മീൻ വറുത്തത് വേണമെങ്കിൽ 30 രൂപ അധികമായി നൽകണം.  10 ശതമാനം ഊണുകൾ സൗജന്യമായി അഗതികൾക്ക് നൽകുകയും ചെയ്യും. കേരള സ്റ്റേറ്റ് കയർ മെഷിനറി സ്പോൺസർഷിപ്പിൽ 500 ഊണ് വരെ ലഭ്യമാകുവാൻ കഴിയുന്ന കിച്ചൻ സൗകര്യമടക്കമുള്ള ജനകീയ ഭക്ഷണശാല തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി ഡോ: ടി. എം. തോമസ് ഐസക്. ഊണിനു കൃത്യമായ മെനു തയ്യാറാക്കിയിട്ടുണ്ട്. എല്ലായിടത്തും ഊണിനോടൊപ്പം കേരളത്തിലെ പരമ്പരാഗതമായ ഏതെങ്കിലും ഇലക്കറികൾ ഉണ്ടാവും. ഇന്ന് ഉദ്ഘാടന ദിവസം ചേർത്തല മരുത്തോർ വട്ടം  മോഡൽ ചേമ്പിൻ താൾ കറിയാണ് നൽകിയത്.  സാമ്പാർ, പുളിശ്ശേരി , മീൻചാർ, തോരൻ, അച്ചാർ എന്നിവയാണ് വിഭവങ്ങൾ. ആവശ്യപ്പെട്ടാൽ മീൻ വറുത്തതും, ഇറച്ചി ഉലർത്തിയതും, കാക്കാ ഇറച്ചിയും ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. ഇരുപതിനായിരം കോടി രൂപയുടെ പാക്കേജിൽ പറഞ്ഞത് പോലെ കേരളത്തിൽ ഇരുപതു രൂപ ജനകീയ ഹോട്ടലുകളുടെ ശൃംഖലകൾ ഏപ്രിൽ മാസത്തോടെ പൂർത്തിയാകും. ഇന്നത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ചേർത്തല മാതൃകയിൽ കേരളത്തിൽ ഉടനീളം ശൃംഖലകൾ രൂപം കൊള്ളും. ഇതിനകം 360 കേന്ദ്രങ്ങൾ കുടുംബശ്രീ കണ്ടെത്തിയിട്ടുണ്ട്. വിഷുവിനു മുൻപ് ഇവയുടെ പ്രവർത്തനം ആരംഭിക്കുവാൻ കഴിയുമെന്ന് ഡോ: ടി .എം. തോമസ് ഐസക് പറഞ്ഞു. ഭക്ഷണം ലഭിക്കുന്നതിനായി ചുവടെ ചേർക്കുന്ന ഫോൺ നമ്പറുകളിൽ കൃത്യമായ മേൽവിലാസമടക്കം എസ്എംഎസ്  അയയ്‌ക്കേണ്ടതാണ്. നിങ്ങൾക്ക്മറുപടി എസ് എം എസ് ആയി അയക്കുന്നതാണ്. സ്നേഹജാലകം  - സജിത്‌രാജ് - 9495507208, കൃഷ്ണപിള്ള ട്രസ്റ്റ് - നൗഷാദ് പുതുവീട്- 9633137384, സ്വാന്തനം  ചേർത്തല - കെ.പി. പ്രതാൻ-9496332722, സുഭിക്ഷ - ഹേമലത ജോഷി - 7591920784, അത്താഴക്കൂട്ടം - എ .ആർ. നൗഷാദ് - 9567276181, സത്യസായി ഫൌണ്ടേഷൻ - പ്രേംസായി -9539011146, ജനകീയ ഹോട്ടൽ മെഷിൻ ഫാക്ടറി -9961266688. Read on deshabhimani.com

Related News