കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ചത്‌: കേന്ദ്രസംഘം



സംസ്ഥാനത്തെ പക്ഷിപ്പനി–- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം തൃപ്‌തി രേഖപ്പെടുത്തി. ‌പക്ഷിപ്പനിയിലും കോവിഡിലും കേരളം എടുത്ത മുൻകൈയും മുൻകരുതലും പ്രത്യേകം സൂചിപ്പിക്കുകയും ചെയ്‌തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫീൽഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയ റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകുമെന്നും കേന്ദ്ര സംഘം പറഞ്ഞു. ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി ചർച്ച നടത്തിയശേഷമാണ്‌  കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കിയത്. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിങ്‌ ഇൻഡസ്ട്രീസ് ജോ. സെക്രട്ടറിയും കോവിഡ്-19 നോഡൽ ഓഫീസറുമായ മിൻഹാജ് ആലം, നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ് കെ. സിങ്‌ എന്നിവരാണ് കേന്ദ്ര സംഘത്തിലുള്ളത്.   ഏഴിന്‌ രാത്രിയെത്തിയ സംഘം എട്ടിന്‌ കോട്ടയവും ഒമ്പതിന്‌  ആലപ്പുഴയും സന്ദർശിച്ച്‌  പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായുള്ള ചർച്ചകൾക്കുശേഷം കോവിഡ് പ്രവർത്തനങ്ങളുടെ സംസ്ഥാനതല വിലയിരുത്തൽ യോഗം ആരോഗ്യ  ഡയറക്ടറേറ്റിൽ ചേർന്നു. എല്ലാ പ്രധാന കോവിഡ് ആശുപത്രികളിലെയും മേധാവിമാർ പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി വിശദീകരിച്ചു. തുടക്കം മുതൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം സന്തുഷ്ടി പ്രകടിപ്പിച്ചു. ടെസ്റ്റ്, വാസ്‌കിനേഷൻ എന്നിവയിലും നല്ല രീതിയിൽ ചർച്ച നടന്നു. കേന്ദ്രസംഘം നിർദേശങ്ങൾ തയ്യാറാക്കി തരാമെന്ന് അറിയിച്ചിട്ടുണ്ട്‌. അവ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍സിഡിസി പ്രാദേശികകേന്ദ്രം അനുവദിക്കും സംസ്ഥാനത്ത്‌ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) പ്രാദേശികകേന്ദ്രം സംസ്ഥാനത്ത്‌ അനുവദിക്കാമെന്ന്‌ കേന്ദ്ര സംഘം അറിയിച്ചതായി‌ മന്ത്രി കെ കെ  ശൈലജ. പക്ഷിപ്പനി  നിയന്ത്രണവിധേയമാണെന്ന്‌ കേന്ദ്ര സംഘം വിലയിരുത്തി.  കൂടുതൽ കാര്യങ്ങൾ എൻസിഡിസിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതുണ്ട്‌. അതിനാൽ പ്രാദേശികകേന്ദ്രം അനിവാര്യമാണ്‌. പക്ഷിപ്പനി നിയന്ത്രിക്കാൻ  മൃഗസംരക്ഷണ വകുപ്പും ജാഗ്രതയോടെ ഇടപെട്ടു. സാമ്പിൾ ടെസ്റ്റിന് സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്‌. ഇത്തരം പരിശോധനയ്‌ക്കുള്ള ലാബ് ഇവിടെ സജ്ജമാക്കാൻ കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.     Read on deshabhimani.com

Related News