സൗജന്യ ചികിത്സയിലും കേരളം നമ്പർ 1; 2 വര്‍ഷം, 3030 കോടിയുടെ സാന്ത്വനം



തിരുവനന്തപുരം > കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കേരളത്തിൽ രണ്ടു വർഷംകൊണ്ട്‌ 12,22,241 പേർക്ക്‌ 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകി. രാജ്യത്താകെ നൽകിയതിൽ 15 ശതമാനവും കേരളത്തിലാണ്. മിനിറ്റിൽ മൂന്ന്‌ രോഗികൾക്ക്‌ സൗജന്യ ചികിത്സ ലഭിക്കുന്ന ഏക സംസ്ഥാനമാണ്‌ കേരളം. എം പാനൽ ചെയ്‌ത എല്ലാ സർക്കാർ–- സ്വകാര്യ ആശുപത്രി വഴിയും കാരുണ്യ പദ്ധതിയിലൂടെ കുടുംബത്തിന് ഒരുവർഷം പരമാവധി അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ലഭിക്കുന്നു. 2019– --20ൽ പദ്ധതിയിൽ എം പാനൽ ചെയ്ത ആശുപത്രി 404 ആയിരുന്നെങ്കിൽ ഇപ്പോൾ 761 ആയി. 2021–-22ൽ 5,76,955 പേർക്കും. 2022–-23ൽ 6,45,286 പേർക്കും സൗജന്യ ചികിത്സാ സഹായം നൽകി.  2021–-22 സാമ്പത്തിക വർഷം 1400 കോടിയുടെയും 2022–--23ൽ 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ നൽകി. ഇതിന്‌ കേന്ദ്രവിഹിതമായി വർഷം 138 കോടി രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌. ബാക്കി മുഴുവൻ തുകയും സംസ്ഥാന സർക്കാരിന്റേതാണ്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ 42 ലക്ഷം കുടുംബമാണുള്ളത്‌. ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽപ്പെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെ ആണെങ്കിൽ എപിഎൽ, ബിപിഎൽ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയും സൗജന്യ ചികിത്സ നൽകുന്നുണ്ട്‌. ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകിയതിന് 2022ലെ ആരോഗ്യ ഉൽക്കൃഷ്ട പുരസ്‌കാരം കേരളത്തിനായിരുന്നു.     Read on deshabhimani.com

Related News