മുസ്ലിം വ്യക്തിനിയമം അനുസരിച്ചുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ വരും: ഹൈക്കോടതി



കൊച്ചി> മുസ്ലിം വ്യക്തിനിയമം അനുസരിച്ചുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെങ്കിലും  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ശാരീരികബന്ധം പുലർത്തിയാൽ പോക്സോ കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്‌ ഉത്തരവിട്ടു. തിരുവല്ലക്കാരനായ മുസ്ലിം യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌ത് ഗർഭിണിയാക്കിയ കേസിലാണ് ഉത്തരവ്. ആശുപത്രി ഡോക്ടർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ്‌ ബലാത്സംഗമടക്കം ജാമ്യമില്ലാവകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. തുടർന്ന് മുസ്ലിം വ്യക്തിനിയമപ്രകാരം പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്ന് അവകാശപ്പെട്ടാണ് പ്രതി ജാമ്യത്തിന്‌ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയലാണ് പോക്‌സോ നിയമത്തിന്റെ ലക്ഷ്യമെന്നും അതിനാൽ വിവാഹത്തിന്റെ പേരിൽപ്പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്നാണ് നിയമനിർമാതാക്കൾ വിഭാവനം ചെയ്യുന്നതെന്നും സുപ്രധാന ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. മുസ്ലിമായ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് അവളുമായി ശാരീരികബന്ധം പുലർത്താനുള്ള അനുമതിയായി കാണാൻ കഴിയില്ല. മുസ്ലിം വ്യക്തിനിയമത്തിനും മുകളിലാണ് പോക്‌സോ. 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വ്യക്തിനിയമം എന്ന വാദം അംഗീകരിക്കാനാകില്ല. ഒരു കുഞ്ഞിനുനേർക്കുള്ള അനാവശ്യമായ സ്പർശനംപോലും പോക്‌സോവകുപ്പിന്റെ പരിധിയിൽ വരുമെന്നിരിക്കെ, വിവാഹം എന്ന ന്യായവാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ ഹർജിക്കാരന്‌ ജാമ്യം അനുവദിച്ചില്ല. Read on deshabhimani.com

Related News