ചാൻസലറും മറ്റും പിള്ളേര്‌ കളിക്കുകയാണോയെന്ന്‌ കോടതി



കൊച്ചി സർവകലാശാല ചാൻസലർ അടക്കമുള്ള ഉന്നതാധികാരികൾ പിള്ളേര്‌ കളിക്കുകയാണോയെന്ന്‌ ഹൈക്കോടതി.  ഉന്നതാധികാരികൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും   ഇവർ  ഇങ്ങിനെ പെരുമാറിയാൽ വിദ്യാർഥികൾ ദുരിതത്തിലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.  വിസി നിയമനത്തിന്‌ സെനറ്റ്‌ പ്രതിനിധിയെ ഉൾപ്പെടുത്താത്ത വിജ്ഞാപനം അംഗീകരിക്കാനാകില്ല. ചാൻസലർ വരും, പോകും. വിദ്യാർഥികളുടെ ഭാവിയാണ്‌ പ്രധാനം.  കോടതി വിമർശം   ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്‌  കനത്ത തിരിച്ചടിയായി.   കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടിക്കെതിരായ ഹർജിയിൽ വാദം കേൾക്കവെയാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ വാക്കാൽ പരാമർശം. ഒരു വ്യക്തിയെ ഇഷ്ടമല്ലെന്നുകരുതി ഗവർണർക്ക്‌ പ്രീതി പിൻവലിക്കാനാകില്ല. കേസിൽ വ്യാഴാഴ്‌ചയും വാദം തുടരും. സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കിയാൽ സെർച്ച്‌ കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ നൽകാനാകുമോയെന്നും കോടതി ആരാഞ്ഞു. ഗവര്‍ണറുടെ വിജ്ഞാപനം നിലനില്‍ക്കുന്നതല്ല, അത് റദ്ദാക്കാന്‍ സെക്കൻഡുകള്‍ മതിയെന്നും കോടതി വാക്കാല്‍ പരാമർശിച്ചു. സെനറ്റ്‌ അംഗങ്ങള്‍ക്ക് ഗവര്‍ണറെ ചോദ്യംചെയ്യാന്‍ പറ്റില്ല. ചാന്‍സലറുടെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കിൽ അദ്ദേഹത്തെ ബോധ്യപ്പെടുത്തി രാജിവച്ച്‌ പോകുകയാണ് വേണ്ടത്‌. കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ചാന്‍സലറുടെ വിജ്ഞാപനം പിന്‍വലിപ്പിക്കണമെന്ന്‌ സെനറ്റ് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയതിനെയും  കോടതി വിമർശിച്ചു. Read on deshabhimani.com

Related News