ആറരക്കൊല്ലത്തെ
 പ്രോഗ്രസ്‌ കാർഡ്‌



തിരുവനന്തപുരം ആറരക്കൊല്ലം പൂർത്തിയാക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ നേട്ടവും വികസനമുന്നേറ്റവും എടുത്തുപറഞ്ഞ്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. എൽഡിഎഫ്‌ സർക്കാരിന്റെ പ്രോഗ്രസ്‌ കാർഡിൽ നൂറിൽ നൂറ്‌ മാർക്ക്‌ നൽകിയാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പ്രസംഗമാരംഭിച്ചത്‌. നവകേരള നിർമിതിയിലേക്ക്‌ കുതിക്കുന്ന സർക്കാരിന്റെ ഡിജിറ്റൽ പുരോഗതി, ശാസ്ത്രബോധം, ഉൽപ്പാദനത്തിന്റെ പുതിയ തലം, മാന്യമായ തൊഴിൽ സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം അദ്ദേഹം എണ്ണിപ്പറഞ്ഞു. സാമൂഹ്യസുരക്ഷ, സാമ്പത്തികവളർച്ച എന്നിവയിൽ കേരളം സവിശേഷമായ നേട്ടം കൈവരിച്ചു. സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കാനുള്ള ശ്രമത്തെ കേന്ദ്രവും അന്താരാഷ്ട്ര സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുണ്ട്‌. നിതി ആയോഗിന്റെ പട്ടികയിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തെത്തി. അതീവ ദുർബല വിഭാഗങ്ങളെ ചേർത്തുനിർത്തി. കേരളത്തിലെ ദാരിദ്ര്യനിരക്കായ 0.7 ശതമാനം രാജ്യത്ത്‌ ഏറ്റവും കുറവാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറയുന്നു. ലൈഫ്‌ മിഷൻ, ഇ–- ഓഫീസ്‌ സംവിധാനം, തൊഴിലില്ലായ്‌മ പരിഹരിക്കൽ, ഇന്ത്യ സ്കിൽസ്‌ റിപ്പോർട്ടിലെ മൂന്നാം റാങ്ക്‌, നിക്ഷേപ സൗഹൃദാന്തരീക്ഷം, ഭരണഘടന സംരക്ഷണം, മാധ്യമസ്വാതന്ത്ര്യം എന്നിവയെല്ലാം കേരളത്തിന്റെ നേട്ടത്തിന്റെ പട്ടികയിലുൾപ്പെടുത്തി വിശദീകരിച്ച ഗവർണർ  ഉന്നത വിദ്യാഭ്യാസ മേഖലയിൽ തുടക്കമിട്ട പരിഷ്‌കാരങ്ങളും ചൂണ്ടിക്കാട്ടി. ഫെഡറലിസം പരിപോഷിപ്പിക്കാനുള്ള അനുകൂല സമീപനം കേന്ദ്രസർക്കാരിൽനിന്നുണ്ടാകണമെന്നും വികസന ലക്ഷ്യം കൈവരിക്കാൻ പൗരസമൂഹത്തെ ഉൾപ്പെടുത്തി സാധ്യമായതെല്ലാം ചെയ്യുമെന്നും പറഞ്ഞാണ്‌ പ്രസംഗം അവസാനിപ്പിച്ചത്‌. Read on deshabhimani.com

Related News