കേന്ദ്രം കേരളത്തെ കടന്നാക്രമിക്കുന്നു : മുഖ്യമന്ത്രി



പിണറായി കേന്ദ്രസർക്കാർ കേരളത്തെ പ്രത്യേക ഉദ്ദേശ്യത്തോടെ കടന്നാക്രമിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പല ദുരന്തങ്ങളെയും അതിജീവിച്ചവരാണ്‌ നമ്മൾ. ഇത്‌ ഒരു പ്രത്യേകതരം ദുരന്തമാണ്‌. ഇതിനെയും നമുക്ക്‌ അതിജീവിച്ചേ തീരൂ. കള്ള്‌ വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ആനുകൂല്യവിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റ പരിധി വെട്ടിക്കുയ്‌റക്കുന്നതിലൂടെ കേന്ദ്രസർക്കാരിന്റെ സാഡിസ്‌റ്റ്‌ മനോഭാവമാണ്‌ പുറത്തുവരുന്നത്‌. കേരളത്തെ തകർത്തിട്ടുതന്നെ എന്ന നിലയിലാണ്‌ കാര്യങ്ങൾ. എങ്ങനെ ഇവർ മുന്നോട്ടുപോകുമെന്ന്‌ കാണട്ടെയെന്ന മനോഭാവമാണ്‌. ഇത്‌ എൽഡിഎഫ്‌ സർക്കാരിന്റെ പ്രശ്‌നമല്ല, ജനങ്ങളുടെ പ്രശ്‌നമാണ്‌. നാടിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്‌. കേന്ദ്രസർക്കാർ എന്ന സംവിധാനം സംസ്ഥാനങ്ങളുടെ നാശത്തിനുവേണ്ടിയാണോ നിൽക്കേണ്ടത്‌. സംസ്ഥാനങ്ങളെ സംതൃപ്‌തമാക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനില്ലേ. കേരളത്തിനുനേരെ ഇത്തരം കടന്നാക്രമണം നടക്കുമ്പോൾ അഭിപ്രായം രേഖപ്പെടുത്താൻ ആരൊക്കെയുണ്ട്‌ എന്നതും നോക്കണം. ചിലർക്ക്‌ ഇത്തരം കാര്യങ്ങൾ കാണുമ്പോൾ വല്ലാത്ത മൗനമാണ്‌. എല്ലാവരുംകൂടി ശബ്ദമുയർത്തേണ്ട പ്രശ്‌നങ്ങളിൽനിന്ന്‌ മാറിനിൽക്കുന്നത്‌ സംസ്ഥാനത്തിന്റെ ഭാവിക്ക്‌ ഗുണംചെയ്യില്ല. വരുമാനത്തിന്റെ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയല്ല. കേരളം വലിയതോതിൽ സമ്പത്തുള്ള സംസ്ഥാനമല്ല. സ്വന്തമായ വരുമാനമാർഗങ്ങൾ സ്വീകരിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്‌. എന്നാൽ, ഈ അവകാശമെല്ലാം കേന്ദ്രം കവരുകയാണ്‌. ജിഎസ്‌ടി അടക്കമുള്ളവ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ഫെഡറൽ സ്വഭാവം വിട്ട്‌ കൂടുതൽ അധികാരം കേന്ദ്രത്തിൽ കേന്ദ്രീകരിക്കുകയാണ്‌. ബജറ്റേതര വരുമാനമാണ്‌ സംസ്ഥാനങ്ങളുടെ ആശ്വാസം. എൺപതിനായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ കിഫ്‌ബി മുഖേന കേരളം നടപ്പാക്കുന്നത്‌. ഇത്‌ എങ്ങനെ അട്ടിമറിക്കാനാകും എന്നാണ്‌ കേന്ദ്രം നോക്കുന്നത്‌. കിഫ്‌ബിയിൽനിന്ന്‌ ലഭിക്കുന്ന പണവും വായ്‌പയുടെ പരിധിയിൽപ്പെടുത്തുകയാണ്‌ കേന്ദ്രം. കേന്ദ്രസർക്കാരിന്റെ കാര്യത്തിൽ ഇത്‌ ബാധകമാക്കുന്നില്ല. കേന്ദ്രത്തിൽ കിഫ്‌ബിയുടേതുപോലുള്ള ഒന്നിലേറെ സംവിധാനമുണ്ട്‌. കേന്ദ്രത്തിനാകാം, കേരളത്തിൽ പാടില്ല എന്ന നിലപാടാണ്‌ എല്ലാക്കാര്യത്തിലും തുടരുന്നത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലുള്ളിടത്തോളം തൊഴിലാളികൾക്കും പാവപ്പെട്ടവർക്കുമുുള്ള ആനുകൂല്യങ്ങൾ നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News