കോവിഡ്‌: തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ



കൊച്ചി > തിങ്കളാഴ്‌ച മുതൽ സംസ്ഥാനത്ത് ഹൈക്കോടതി അടക്കം മുഴുവൻ കോടതികളുടെയും പ്രവർത്തനം വീണ്ടും വീഡിയോ കോൺഫറൻസിലേക്ക് മാറ്റും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണ നിർവഹണ സമിതിയുടെതാണ് തീരുമാനം. കോവിഡ് രോഗബാധ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് കോടതികളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന വീഡിയോ കോൺഫറൻസിങ്‌ പുനസ്ഥാപിക്കുന്നത്. ഹൈക്കോടതി അടക്കമുള്ള കോടതികളിൽ ഹൈബ്രിഡ് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിൽ അഭിഭാഷകർക്ക് നേരിട്ട് കോടതിയിലെത്തിയും ഓൺലൈനായും വാദം നടത്താം. നിലവിൽ തുടർന്ന് വന്നിരുന്ന ഹൈബ്രിഡ് സംവിധാനം ഒഴിവാക്കിയാണ് തൽക്കാലത്തേക്ക് പൂർണമായും വിഡിയോ കോൺഫറൻസിങ്‌ പുനസ്ഥാപിച്ചത്. ഒഴിവാക്കാനാവാത്ത അടിയന്തിര സാഹചര്യങ്ങളിൽ വിചാരണ കോടതികൾക്ക് സാക്ഷി വിസ്താരം കോടതി മുറികളിൽ നടത്താൻ ന്യായാധിപർക്ക് അനുമതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ തീരുമാനത്തിന് വിധേയമായിയായിരിക്കണം നടപടികൾ. കേസിലെ കക്ഷികൾക്ക് സ്വന്തം അഭിഭാഷകന്റെ കത്ത് കൈവശമുണ്ടെങ്കിലേ കോടതി മുറികളിൽ പ്രവേശനം അനുവദിക്കൂ. 15 പേരിലധികം കോടതി മുറിയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കോടതി പ്രവർത്തിക്കുമ്പോൾ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ വക്കീൽ ഗുമസ്ഥൻമാർക്കും പ്രവേശനം അനുവദിക്കൂ. ജില്ലാ ജഡ്ജിമാർ ദൈനംദിന കോവിഡ് നില പരിശോധിച്ച്‌ ഉചിതമായ നടപ്പടികൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഒരു മാസത്തിന് ശേഷം സ്ഥിതി ഭരണ നിർവഹണ സമിതി പരിശോധിക്കും. Read on deshabhimani.com

Related News