വ്യവസായ ​സൗഹൃദം കേരളം ; 2261 കോടി വായ്‌പയെടുക്കാം ; ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനം



ന്യൂഡൽഹി ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക്‌ കേരളവും. ഇതോടെ പൊതുവിപണിയിൽനിന്ന്‌ കേരളത്തിന്‌ 2,261 കോടി രൂപ അധിക വായ്‌പ എടുക്കാം. കേന്ദ്ര ധനവിനിയോഗവകുപ്പ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കി. ധനവിനിയോഗവകുപ്പ്‌ നിർദേശിച്ച ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ്‌ കേരളം. ആന്ധ്രാപ്രദേശ്‌, കർണാടകം, മധ്യപ്രദേശ്‌, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്‌, തെലങ്കാന എന്നിവയാണ്‌ മറ്റ്‌ സംസ്ഥാനങ്ങൾ. രാജ്യത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാനസൂചകമാണ്‌ ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ നടപ്പിലാക്കൽ. ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക്‌ ഏറെ ഗുണകരമാകും. കേരളത്തിന്റെ വ്യവസായസൗഹൃദ റാങ്കും ഉയരും. ജില്ലാതലത്തിൽ ബിസിനസ്‌ പരിഷ്‌കരണ കർമപദ്ധതിയുടെ പ്രാഥമിക മൂല്യനിർണയം, ബിസിനസ്‌ ചെയ്യാനുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌, അംഗീകാരം, ലൈസൻസ്‌ പുതുക്കൽ നടപടികൾക്കായുള്ള നിബന്ധനകൾ ലഘൂകരിക്കൽ, കംപ്യൂട്ടർ കേന്ദ്രീകൃത പരിശോധനാസംവിധാനം നടപ്പാക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങളാണ്‌ കേരളം വിജയകരമായി പൂർത്തിയാക്കിയത്‌. Read on deshabhimani.com

Related News