വയനാടിന്‌ ഉണർവ്‌... ഉയർച്ച



കൽപ്പറ്റ > ജില്ലയുടെ നീറുന്ന വിഷയങ്ങൾ പരിഹരിക്കാനും വയനാട്‌ പാക്കേജിനും കൂടുതൽ തുക അനുവദിച്ച്‌ സംസ്ഥാന ബജറ്റ്‌. ഭാവി വികസനത്തിനുള്ള പദ്ധതികളും പ്രഖ്യാപിച്ചു. എയർ സ്‌ട്രിപ്പും കരിയർ ഗൈഡൻസ്‌ സെന്ററുമുണ്ട്‌. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട്‌ 2021 മുതൽ നടപ്പാക്കുന്ന ‘വയനാട്‌ പാക്കേജിന്‌’ 75 കോടി രൂപകൂടി അനുവദിച്ചു. നാടിന്റെ ഉറക്കം കെടുത്തുകയും ജീവനും ജീവനോപാധികൾക്കും ഭീഷണിയായ വന്യമൃഗശല്യം തടയാൻ 50.85 കോടി രൂപ അനുവദിച്ചത്‌ ആശ്വാസമാകും. വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരം വർധിപ്പിക്കുന്നതും കൂടുതൽ റാപ്പിഡ് റെസ്‌പോൺസ്‌ ടീമുകൾ രൂപീകരിക്കുന്നതും ആശ്വാസമാണ്‌.   ബാണാസുര, കാരപ്പുഴ ജലസേചന പദ്ധതികൾ 2025 ഓടെ പൂർണമായും കമീഷൻ ചെയ്യും. ഇവിടെ നടപ്പാക്കുന്ന പ്രവൃത്തികളുടെ തുക വർധിപ്പിച്ചു. പട്ടികവർഗ ക്ഷേമത്തിനും വിവിധ പദ്ധതികളുണ്ട്‌. ആദിവാസി കുടുംബങ്ങളെ കൈപിടിച്ചുയർത്തുമെന്ന പ്രഖ്യാപനം ഈ വിഭാഗത്തിന്‌ ആഹ്ലാദം പകരുന്നതാണ്‌. ഓരോ കുടുംബത്തിനും ഒരു ഉപജീവന പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കും.   ഗോത്രബന്ധു പദ്ധതിക്കായി ആറുകോടി അനുവദിച്ചത്‌ സാമൂഹ്യ പുരോഗതിക്ക്‌ ഗുണപ്രദമാകും. ഭൂരഹരിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി 45 കോടി രൂപ നൽകിയത്‌  പ്രശ്‌നപരിഹാരത്തിന്‌ വേഗം കൂട്ടും. വയനാട്‌ പാക്കേജിന്റെ 75 കോടി രൂപ കാർഷികമേഖലയ്‌ക്ക്‌ നേട്ടമാകും. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസനിധിക്കായി 1.10 കോടി രൂപയും ലയങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10 കോടി രൂപയും ബജറ്റിലുണ്ട്‌. Read on deshabhimani.com

Related News