പത്തനംതിട്ടയ്‌ക്ക്‌ കൈയയച്ച് 
സഹായം; വികസനത്തിന്‌ പുതുവേഗം



പത്തനംതിട്ട > കേന്ദ്ര ബജറ്റിൽ നിന്ന് നേർ വിപരീതമായി സംസ്ഥാന ബജറ്റ്  മലയോര മേഖലയായ ജില്ലയ്ക്ക് ഏറെ ആശ്വാസം പകരുന്നു. പ്രധാന കാർഷിക വിളകൾക്കെല്ലാം കൈയയച്ച് സഹായം അനുവദിച്ചിട്ടുണ്ട്. പ്രധാന വിളയായ റബറിന് വില കുറയാതിരിക്കാൻ  600 കോടി രൂപയാണ് സബ്സിഡിയിനത്തിൽ മാറ്റി വച്ചിട്ടുള്ളത്.  ഇത് റബ്ബർ കർഷകർ പരക്കെ സ്വാ​ഗതം ചെയ്യുന്നു.  ഒരുപൈസ പോലും കേന്ദ്ര ബജറ്റിൽ മേഖലയ്ക്ക് ഉൾപ്പെടുത്താത്ത സന്ദർഭത്തിൽ കർഷകർക്ക് ഇത് ഏറെ ആശ്വാസകരമാകും. വന്യമൃഗശല്യം രൂക്ഷമായ ജില്ലയിൽ  അത് തടയാൻ  ഫലപ്രദമായ നടപടി സ്വീകരിക്കാൻ  കൂടുതൽ തുക ബജറ്റിൽ  അനുവദിച്ചിട്ടുണ്ട്.  പ്രത്യേക ദ്രുതകർമ സേനയിലേക്ക്  കൂടുതൽ ആളുകളെ നിയോ​ഗിക്കുമെന്നും വിവിധ വകുപ്പുകളുമായി ചേർന്ന് വന്യമൃ-​ഗശല്യം തടയാൻ  സംയുക്ത നടപടികൾക്ക് രൂപംനൽകാനും പദ്ധതി നിർദ്ദേശമുണ്ട്.   നാളികേര കർഷകർക്ക് ഏറെ ആഹ്ലാദം പകരുന്നതാണ് തേങ്ങയുടെ സംഭരണ വില ഉയർത്തിയത്. ജില്ലയിലെ  പരമ്പരാ​ഗത തൊഴിൽ മേഖലയായ കശുവണ്ടി മേഖലയ്ക്ക് പുനരുജ്ജീവ പാക്കേജായി പ്രഖ്യാപിച്ചത് 30 കോടി രൂപയാണ്.   ഇതും  വലിയൊരു ജനവിഭാ​ഗത്തിന് സഹാകരമാകും. ജില്ലയിൽ സ്വകാര്യ മേഖലയിലുള്ള കശുവണ്ടി ഫാക്ടറികളിൽ പലതും പൂട്ടിയിട്ട നിലയിലാണ്.  ഈ മേഖലയുടെ ഉണർവിന്  സർക്കാർ സഹായം  ഉപകരിക്കും. Read on deshabhimani.com

Related News