നിയമസഭാ സമ്മേളനം ഡിസംബർ 5ന്‌ തുടങ്ങും



തിരുവനന്തപുരം> പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന്‌ ആരംഭിക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതു ദിവസമാണ്‌ സമ്മേളനം ചേരുക. പൂർണമായും നിയമനിർമാണത്തിനായാണ്‌ സമ്മേളനം. നിയമ നിർമാണത്തിനു മാത്രമായി ആഗസ്റ്റ് 22 മുതൽ സെപ്‌തംബർ 12 വരെ ചേർന്ന സമ്മേളനത്തിൽ 12 ബിൽ പാസാക്കുകയും ഒരു ബിൽ  സെലക്ട് കമ്മിറ്റിക്ക്‌ അയക്കുകയും ചെയ്തു. അതിൽ സമിതിയുടെ പരിശോധനയും തെളിവെടുപ്പും മറ്റും നടന്നുവരികയാണ്. അഞ്ച്‌, ആറ്‌ സമ്മേളനങ്ങളിൽ പാസാക്കിയ ഏഴു ബിൽ ഗവർണർ ഒപ്പിടേണ്ടതുണ്ട്‌. ഈ സമ്മേളനത്തിൽ പരിഗണിക്കേണ്ട ബില്ലുകൾ കാര്യോപദേശക സമിതിയുടെ ശുപാർശ പ്രകാരം തീരുമാനിക്കും. ആദ്യ രണ്ടു ദിനങ്ങളിൽ പരിഗണിക്കേണ്ട ബില്ലുകൾ തീരുമാനിക്കേണ്ടത് സ്പീക്കറാണ്. മുൻഗണനാ പട്ടിക സർക്കാരിൽനിന്ന്‌ ലഭ്യമാകുന്ന മുറയ്ക്ക് അക്കാര്യം തീരുമാനിക്കും. ഡിസംബർ 15ന്‌ സമ്മേളനം അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സ്‌പീക്കർ പറഞ്ഞു. പുസ്‌തകോത്സവം ജനുവരി 9ന്‌ തുടങ്ങും ‘ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെയും നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി തീരുമാനിച്ച അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 9 മുതൽ 15 വരെ നടക്കും. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പുസ്തകോത്സവവും സാഹിത്യോത്സവവും സംബന്ധിച്ച വാർത്തകൾ, വിശകലനങ്ങൾ എന്നിവ മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്ക്‌ മാധ്യമ അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. വിശദാംശങ്ങൾ നിയമസഭാ വെബ്സൈറ്റിൽ ലഭിക്കും. Read on deshabhimani.com

Related News