അധ്യാപകരുടെ കൂട്ടസ്ഥലംമാറ്റം: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രൈമറി പഠനം അവതാളത്തിൽ



കണ്ണൂർ> കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകരുടെ കൂട്ടസ്ഥലംമാറ്റം പ്രൈമറി ക്ലാസുകളിലെ അധ്യയനം പ്രതിസന്ധിയിലാക്കും. പൊതുസ്ഥലംമാറ്റത്തിനായി കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിൽ കൂടുതലും പ്രൈമറി അധ്യാപകരാണ്‌. ഇതോടെ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രൈമറി വിദ്യാർഥികളുടെ പഠനം തീർത്തും പ്രയാസത്തിലാകും. വ്യാഴാഴ്‌ച ഓൺലൈൻ പരീക്ഷ ആരംഭിച്ചതോടെ  പ്രവർത്തനം താളംതെറ്റുന്ന സ്ഥിതിയാണ്‌.  30നാണ്‌ പരീക്ഷ അവസാനിക്കുന്നത്‌. അതുവരെയുള്ള ക്രമീകരണം നിലവിലുള്ള അധ്യാപകർക്കും പ്രയാസമാകും.   കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ ഒമ്പത്‌ വിദ്യാലയങ്ങളിലും സ്ഥലംമാറ്റം ലഭിച്ച അധ്യാപകരിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരായ പ്രൈമറി അധ്യാപകരാണ്‌.    പെരിങ്ങോത്ത്‌ 20 പേരും  പയ്യന്നൂരിൽ  14 പേരുമാണ്‌ സ്ഥലംമാറിയത്‌. പയ്യന്നൂരിൽ പ്രൈമറി വിഭാഗത്തിൽ ഇനി നാല്‌ അധ്യാപകരാണുള്ളത്‌. സ്‌കൂൾ തുറന്നാൽ  15 പ്രൈമറി ഡിവിഷനിലെ ക്ലാസുകൾ പ്രതിസന്ധിയിലാകും.  പെരിങ്ങോത്തെ 34 അധ്യാപകരിൽ 20 പേരെയാണ്‌ സ്ഥലംമാറ്റിയത്‌. 10 ഡിവിഷനുള്ള പ്രൈമറി വിഭാഗത്തിൽ  ഇനി ഏഴ്‌ അധ്യാപകരാണുള്ളത്‌.   സ്ഥലം മാറിയവർക്കു പകരം നിയമനത്തിന്‌ താൽക്കാലിക അധ്യാപകരുടെ പാനൽ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിലെ നിയമനച്ചുമതല ഡൽഹിയിലെ ഏജൻസിയെ ഏൽപ്പിച്ചതും  രണ്ട്‌ വർഷമായി നിയമനം നടത്താത്തതുമാണ്‌  അധ്യാപകക്ഷാമത്തിനിടയാക്കിയത്‌. Read on deshabhimani.com

Related News