ഗാന്ധിയെന്ന പേര്‌ നവ ഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു: കെ ഇ എൻ

കേരള സാഹിത്യ അക്കാദമി പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കെ ഇ എൻ കുഞ്ഞഹമ്മദ് 
ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ> മഹാത്മാഗാന്ധി മുന്നോട്ടുവച്ച ബഹുസ്വരത, സൗഹാർദം, സംവാദാത്മകത എന്നീ ആശയങ്ങൾ സമകാലീന ഇന്ത്യയിൽ നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണെന്ന്   പ്രഭാഷകൻ  കെ ഇ എൻ കുഞ്ഞഹമ്മദ് . കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ  ഭാഗമായി  ‘എന്തുകൊണ്ട് ഗാന്ധിജി? രാഷ്ട്രീയത്തിന്റെ നൈതികാടിസ്ഥാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    ഗാന്ധിയെന്ന പേര് ഉച്ചരിക്കുന്നതുപോലും ഇന്ത്യയുടെ സമകാലീന നവഫാസിസത്തിന് ഉൾക്കിടിലമുണ്ടാക്കുന്നു.  ജാതിമേധാവിത്വത്തെ ഗാന്ധി തുറന്നെതിർത്തുതുടങ്ങിയ കാലം മുതൽക്കാണ് ഫാസിസ്റ്റുകൾക്ക് അദ്ദേഹം അനഭിമതനായത്. അദ്ദേഹത്തിന്റെ വധത്തിലേക്ക് നയിച്ചതും മറ്റൊന്നല്ല. ജീവിതകാലം മുഴുവൻ മതമൈത്രി എന്ന ആശയം ഗാന്ധി ഉയർത്തിപ്പിടിച്ചു. ഇന്ന് അതിന്റെ ചോരയിൽ ചവിട്ടിയാണ് നാം ജീവിക്കുന്നത്– കെ ഇ എൻ പറഞ്ഞു.  ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി.  ഡോ. പി വി കൃഷ്ണൻനായർ, കരിവെള്ളൂർ മുരളി,  കെ എൽ ജോസ്,  എ എച്ച് സിറാജുദ്ദീൻ  എന്നിവർ സംസാരിച്ചു.    കലാ-സാഹിത്യമത്സരങ്ങൾ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അധ്യക്ഷനായി.  മനീഷ പാങ്ങിൽ,  ബേബി മൂക്കൻ  എന്നിവർ സംസാരിച്ചു. കരിന്തലക്കൂട്ടം അവതരിപ്പിച്ച നാടൻപാട്ടുകളും നാടൻകലകളും അരങ്ങേറി.  ഞായറാഴ്‌ച  ‘മാറുന്ന നോവൽസങ്കൽപ്പം- ദേശവും വിദേശവും’ എന്ന വിഷയത്തിൽ വൈകിട്ട്  4.30ന്‌  പാനൽ ചർച്ച നടക്കും. കെ പി  രാമനുണ്ണി അധ്യക്ഷനാകും.  വൈകിട്ട്‌ 6.30-ന് പൂജാമുറി, കടൽത്തീരത്ത് എന്നീ നാടകങ്ങൾ അരങ്ങേറും. Read on deshabhimani.com

Related News