കീഴാറ്റൂർ; നുണ പൊളിഞ്ഞപ്പോൾ പെരുംനുണയുമായി ജമാഅത്ത്‌ പത്രം



കണ്ണൂർ > നാടിന്റെ വികസനത്തിന്‌ തുരങ്കംവച്ച്‌ കീഴാറ്റൂരിനെ ‘നന്ദിഗ്രാമാക്കാൻ’ നടത്തിയ നുണക്കഥകൾക്ക്‌ ചുക്കാൻ പിടിച്ച ജമാഅത്ത്‌ പത്രം തോറ്റുമടങ്ങിയിട്ടും വീണ്ടും പെരുംനുണയുമായി രംഗത്ത്‌. കെ റെയിൽ, ജലപാത പദ്ധതികൾക്കെതിരെ നിക്ഷിപ്‌ത താൽപര്യക്കാർ നടത്തുന്ന കുത്തിത്തിരിപ്പിന്‌ എരിവ്‌ പകരാനാണ്‌ പെരുംനുണകളുമായി പത്രം വീണ്ടുമിറങ്ങിയത്‌. കീഴാറ്റൂരിനെ കീറിമുറിച്ച്‌  ബൈപാസ്‌, ചിറകറ്റ്‌ വയൽക്കിളികൾ എന്ന തലക്കെട്ടുമായാണ്‌ നുണ. വയൽ നികത്തില്ലെന്നും തൂണുകൾ സ്ഥാപിച്ച്‌ ആകാശപാതയാണ്‌ നിർമിക്കുന്നതെന്നും സമരകാലത്ത്‌ അധികൃതർ പറഞ്ഞുവെന്ന്‌ പത്രം അവകാശപ്പെടുന്നു. എന്നാൽ സമരകാലത്ത്‌ ആകാശപാതയെന്ന ആവശ്യം ഉന്നയിച്ചത്‌ വയൽക്കിളികളും നിക്ഷിപ്‌ത താൽപര്യക്കാരുമാണ്‌. ഭൂവുടമകൾക്ക്‌ മതിയായ നഷ്ടപരിഹാരം നൽകിയും പരമാവധി വയൽ സംരക്ഷിച്ചും ബൈപാസ്‌ എന്നുമാത്രമാണ്‌ അധികൃതർ ഉറപ്പുനൽകിയത്‌. അത്‌ പൂർണമായും പാലിച്ചാണ്‌ കീഴാറ്റൂർ ബൈപാസിന്‌ സ്ഥലം ഏറ്റെടുത്തതും നഷ്ടപരിഹാരം നൽകിയതും. ഭൂവുടമകളിൽ ഒരാൾക്കുപോലും പരാതിയില്ലെന്ന്‌ മാത്രമല്ല, പൂർണ സംതൃപ്‌തരുമാണ്‌. സ്വപ്‌നസമാനമായ നഷ്‌ടപരിഹാരമാണ്‌ കിട്ടിയതെന്നതിൽ സന്തോഷവും പങ്കുവയ്‌ക്കുന്നു. കീഴാറ്റൂർ വയലിൽ ഒരു സെന്റ്‌ ഭൂമിപോലുമില്ലാത്ത നമ്പ്രാടത്ത്‌ ജാനകിയെ സമര നായികയാക്കി ഈ പത്രം അവരുടെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി വയലിൽ നിർത്തി ചിത്രമെടുപ്പിച്ചാണ്‌ ലേഖകൻ പേര്‌ വച്ചെഴുതിയ വാർത്ത പൊലിപ്പിച്ചത്‌. എന്നാൽ വയൽക്കിളികൾ എന്ന പേരിൽ നിക്ഷിപ്‌ത താൽപര്യക്കാർ തട്ടിക്കൂട്ടിയ സംഘത്തിൽപ്പെട്ടവരും അവരോടൊപ്പംനിന്ന വിരലിലെണ്ണാവുന്നവരും ഉൾപ്പെടെ യാഥാർഥ്യം തിരിച്ചറിഞ്ഞ്‌ നിലപാട്‌ മാറ്റിയിരിക്കുന്നു. സമരപ്പന്തലിൽ തീയിട്ട്‌ പൊലീസ്‌ സംരക്ഷണത്തിൽ സ്ഥലം ഏറ്റെടുത്തുവെന്നാണ്‌ പത്രത്തിന്റെ അടുത്ത നുണ. സമരത്തെ പൊലിപ്പിക്കാൻ ചിലർ ബോധപൂർവം തീയിട്ട് സിപിഐ എമ്മിന്റെ തലയിൽക്കെട്ടിവയ്‌ക്കാൻ ശ്രമിച്ചതാണെന്ന്‌ അന്നുതന്നെ വ്യക്തമായിരുന്നു. സ്ഥലം ഏറ്റെടുത്തത്‌ പൊലീസ്‌ സംരക്ഷണത്തിലാണെന്നതും നുണ. ജനങ്ങൾ സ്വമേധയാ നഷ്‌ടപരിഹാരം സ്വീകരിച്ച്‌ സ്ഥലം വിട്ടുനൽകിയതല്ലാതെ ആ പ്രദേശത്ത്‌ ഒരുവിധ പൊലീസ്‌ ഇടപെടലും സമരത്തിനെതിരെ ഉണ്ടായിട്ടില്ല. എന്നിട്ടും കഥ മെനയുകയാണ്‌.  റോഡ്‌ വികസനത്തിന്‌ മണ്ണുനിറച്ച ലോറികൾ പായുമ്പോൾ പൊടിപാറുന്നുവെന്നാണ്‌ പത്രത്തിന്റെ പരിഹാസ്യമായ മറ്റൊരു പരിദേവനം.   Read on deshabhimani.com

Related News