കഴക്കൂട്ടം മേൽപ്പാലം വാഹനഗതാഗതത്തിനു തുറന്നുകൊടുത്തു; ഉദ്ഘാടനം 15ന്

വാഹനഗതാഗതത്തിനു തുറന്നുകൊടുത്ത കഴക്കൂട്ടം മേൽപ്പാലം


കഴക്കൂട്ടം> നിര്‍മ്മാണം പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞ കഴക്കൂട്ടം മേൽപ്പാലം ഉദ്ഘാടകനെ കാത്തുനില്ക്കാതെ വാഹനഗതാഗതത്തിനു തുറന്നുകൊടുത്തു. പാലത്തിന്റെ രണ്ടറ്റത്തുമുള്ള അപ്രോച്ച് റോഡ് അടച്ചിട്ടിരുന്നത്   കരാര്‍ കമ്പനിയുടെ ജീവനക്കാര്‍  ശനിയാഴ്ച രാവിലെയാണ് എടുത്തുമാറ്റിയത് . തുടർന്ന് വാഹനങ്ങള്‍ പാലത്തിനു മുകളിലൂടെ കടത്തിവിടുകയായിരുന്നു.കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി ഡിസംബര്‍ 15-നു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നറിയുന്നു. നവംബര്‍ ഒന്നിന് മേൽപ്പാലം യാത്രക്കാര്‍ക്കു തുറന്നുകൊടുക്കാമെന്ന് സംസ്ഥാന പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസ് ആഗസ്റ്റിൽ മേല്പാലം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. എന്നാൽ പണികള്‍ നീണ്ടുപോയതിനാൽ  നവംബര്‍ 15-നു തുറക്കാമെന്നു കരുതി. പിന്നീട് ഉദ്ഘാടനെ കാത്ത് തിയതികൾ പലതും മാറിവന്നു. മേൽപ്പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടകനെ കാത്തിരുന്നു ജനങ്ങളെ വലയ്ക്കാതിരിക്കാനാണ് ഇന്ന് ഗതാഗതത്തിന് പാലം തുറന്നുകൊടുത്തത്. സംസ്ഥാനത്ത് നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേല്പാലമാണിത്. അപ്രോച്ച് റോഡുകളടക്കം 2.7 കിലോമീറ്ററാണ് നീളം. ടെക്‌നോപാര്‍ക്കിനടുത്ത് ടൊയോട്ട ജങ്ഷന്‍ മുതല്‍ മിഷന്‍ ആശുപത്രിവരെയുള്ള മേല്പാലത്തിന്റെ നിര്‍മ്മാണം 2019 ഒക്ടോബറിലാണ് തുടങ്ങിയത്. രണ്ടു കൊല്ലംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന് ആദ്യം കരുതിയെങ്കിലും കോവിഡ് പ്രതിസന്ധി, മഴ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കൊല്ലംകൂടി നിർമ്മാണം നീളുകയായിരുന്നു.   Read on deshabhimani.com

Related News