കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് തെരഞ്ഞെടുപ്പ്: ഷൈജുവിനെതിരെ പരാതി നൽകി സർവകലാശാല; അന്വേഷണത്തിന് മൂന്നം​ഗ സമിതി



തിരുവനന്തപുരം> കാട്ടാക്കട ക്രിസ്ത്യൻ‌ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സർവകലാശാല പൊലീസിൽ പരാതി നൽകി. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന - ജില്ലാ പൊലീസ് മേധാവികൾക്കും കാട്ടാക്കട പൊലീസിനും രജിസ്ട്രാർ പരാതി നൽകിയത്. കാട്ടാക്കട കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ച അനഘയ്ക്ക് പകരം എ വിശാഖിന്റെ പേര് ചേർത്ത് പ്രിൻസിപ്പൽ സർവകലാശാലയ്ക്ക് അയച്ച നടപടി കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്ക് കോട്ടംവരുത്തിയെന്ന് പരാതിയിൽ പറയുന്നു. ഇതിനൊപ്പം കുറ്റക്കാരനായ പ്രിൻസിപ്പൽ ചുമതലയിലുണ്ടായിരുന്ന ഡോ. ജി ജൈ ഷൈജുവിനെ സ്ഥാനത്തുനിന്ന് നീക്കി കേരള സർവകലാശാല ഉത്തരവിറക്കി. സർവകലാശാല സിൻഡിക്കേറ്റ് യോ​ഗത്തിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി. ഷൈജുവിനെതിരെ അച്ചടക്ക നടപടിയെടുത്ത് അറിയിക്കണമെന്ന് കോളേജ് മാനേജ്മെന്റിനോട് സർവകലാശാല സിൻഡിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് കോളേജ് മാനേജ്മെന്റ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കോളേജ് മാനേജർ അടക്കം മൂന്ന് പേർക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാകും കോളേജ് ഷൈജുവിനെതിരെ നടപടിയെടുക്കുക. Read on deshabhimani.com

Related News