സിബിഐയുടെ ആവശ്യത്തിന് പിന്നിൽ രാഷ്‌ട്രീയം; കതിരൂർ മനോജ്‌ വധക്കേസ്‌ കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന ഹർജി തള്ളി



ന്യൂഡൽഹി ആർഎസ്‌എസ്‌ നേതാവ്‌ കതിരൂർ മനോജ്‌ വധക്കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ആവശ്യം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണമുരാരി, എസ് രവീന്ദ്രഭട്ട് എന്നിവർ ചൂണ്ടിക്കാട്ടി. നിലവിൽ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ നടപടികൾ. അത്, തമിഴ്നാട്ടിലേക്കോ കർണാടകത്തിലേക്കോ മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം. രാഷ്ട്രീയപ്രേരിതമായ ഇടപെടലുകൾക്ക്‌ സാധ്യത ഉണ്ടെന്ന് സിബിഐക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ആരോപിച്ചു. ഇതേ ആരോപണം നിങ്ങൾക്കും ബാധകമാണെന്നും  സിബിഐയുടെ പെറ്റീഷനു പിന്നിലെ രാഷ്ട്രീയപ്രേരണ പ്രകടമാണെന്നും കോടതി തിരിച്ചടിച്ചു. സിബിഐ കേസ് അന്വേഷിച്ച്‌, കുറ്റപത്രം സമർപ്പിച്ചു. വിചാരണ നടപടിക്രമങ്ങൾ നടക്കുന്നത് പ്രത്യേക സിബിഐ കോടതിയിലാണ്. അപ്പോൾ, കോടതി ജഡ്‌ജി ബാഹ്യസമ്മർദങ്ങൾക്ക് വിധേയനാകുമെന്ന് സിബിഐതന്നെ തുറന്നുസമ്മതിക്കുകയാണോ എന്നും കോടതി ആരാഞ്ഞു. ഹർജിയിലൂടെ എന്ത്‌ സന്ദേശമാണ്‌ സമൂഹത്തിന്‌ നൽകുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. ചോദ്യങ്ങൾക്ക് അഡീഷണൽ സോളിസിറ്റർ ജനറലിന് മറുപടിയുണ്ടായില്ല. വിചാരണ  വൈകുകയാണെന്ന്‌ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചപ്പോൾ, അനാവശ്യ പെറ്റീഷനുകൾ നൽകി സിബിഐതന്നെയാണ്‌ കാലതാമസമുണ്ടാക്കുന്നതെന്ന്‌ കോടതി പ്രതികരിച്ചു. ഒടുവിൽ, പെറ്റീഷൻ തള്ളുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു. കേരള സർക്കാരിനെ അടിക്കാൻ വടി നോക്കിയ സിബിഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശങ്ങൾ കനത്ത തിരിച്ചടിയായി. വിചാരണ കേരളത്തിനു പുറത്തേക്ക്‌ മാറ്റുന്നതിനെ സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരേൺ പി റാവലും സ്റ്റാൻഡിങ്‌ കോൺസൽ ഹർഷദ്‌ വി ഹമീദും ശക്തമായി എതിർത്തു.  2014 ഒക്ടോബറിൽ രജിസ്റ്റർ ചെയ്‌ത കേസിൽ കോടതിയിൽ കുറ്റങ്ങൾ ചുമത്തുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്‌. നാലുമാസത്തിനുള്ളിൽ ഇത്‌ പൂർത്തിയാക്കി റിപ്പോർട്ട്‌ നൽകാനും പ്രത്യേക സിബിഐ കോടതിക്ക്‌ നിർദേശം നൽകി.    Read on deshabhimani.com

Related News