കതിരൂർ ബാങ്ക്‌ വിവികെ അവാർഡ്‌ സി പി അബൂബക്കറിന്‌, ഐവി ദാസ്‌ അവാർഡ്‌ വെങ്കിടേഷ്‌ രാമകൃഷ്‌ണന്‌

സി പി അബൂബക്കർ, വെങ്കിടേഷ്‌ രാമകൃഷ്‌ണൻ


തലശേരി> കതിരൂർ ബാങ്ക്‌ ഏർപ്പെടുത്തിയ വിവികെ സാഹിത്യ പുരസ്‌കാരം കവിയും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സി പി അബൂബക്കറിനും ഐ വി ദാസ്‌ മാധ്യമപുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകൻ വെങ്കിടേഷ്‌ രാമകൃഷ്‌ണനും സമ്മാനിക്കും. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രൻ രൂപകൽപന ചെയ്‌ത ശിൽപവും വാസവൻ പയ്യട്ടത്തിന്റെ കൊളാഷ്‌ പെയിന്റിങ്ങും അടങ്ങുന്നതാണ്‌ വി വി കെ പുരസ്‌കാരം. കാൽലക്ഷം രൂപയും ശിൽപവുമാണ് ഐ വി ദാസ്‌ പുരസ്‌കാരം. കാരായിരാജൻ അധ്യക്ഷനായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. ഏപ്രിലിൽ അവാർഡ്‌ നൽകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത്‌ കോയോട്ടിയുടെയും കുനിങ്ങാട്ട്‌ കദീശയുടെയും മകനായി 1945ൽ ജനിച്ച സി പി അബൂബക്കർ എസ്‌എഫ്‌ഐ പ്രഥമ സംസ്ഥാന സെക്രട്ടറിയാണ്‌. കെഎസ്‌എഫ്‌ കണ്ണൂർ ജില്ല വൈസ്‌ പ്രസിഡന്റ്‌, ദേശാഭിമാനി സ്‌റ്റഡി സർക്കിൾ, പുരോഗമനകലാസാഹിത്യസംഘം, ശാസ്‌ത്രസാഹിത്യപരിഷത്ത്‌ എന്നീ സംഘടനകളുടെ കോഴിക്കോട്‌, പാലക്കാട്‌ ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. തലശേരി ഗവ. ബ്രണ്ണൻ കോളേജ്‌ ഉൾപ്പെടെ വിവിധ കോളേജുകളിൽ അധ്യാപകനായിരുന്നു. ചിന്ത പബ്ലിഷേഴ്‌സ്‌, ദേശാഭിമാനി വാരിക, കമ്യൂണിസ്‌റ്റ്‌ പാർടി കോഴിക്കോട്‌, കണ്ണൂർ ജില്ല ചരിത്രപുസ്‌തകം എന്നിവയുടെ എഡിറ്ററായി പ്രവർത്തിച്ചു. മുറിവേറ്റവരുടെ യാത്രകൾ, കടൽ എന്നീ നോവലുകൾ രചിച്ചു. കവിത, ലേഖന സമാഹാരങ്ങളടക്കം നിരവധി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. വി വി സറീനയാണ്‌ ഭാര്യ. മക്കൾ: നീലിമ, ഷോണിമ, ശശിനാസ്‌ ഏലിയാസ് ഹരിത. ദേശാഭിമാനിയിൽ 1983ൽ ജേണലിസം ട്രെയിനിയായി പരിശീലനം തുടങ്ങിയ വെങ്കിടേഷ്‌ വിവിധ ബ്യൂറോകളിൽ റിപ്പോർട്ടറായി ജോലി ചെയ്‌തു. ഫ്രണ്ട്‌ലൈൻ ഡൽഹി ബ്യൂറോ ചീഫും അസോസിയേറ്റ്‌ എഡിറ്ററുമായി ദീർഘകാലം പ്രവർത്തിച്ചു. അയോധ്യയിൽ ബാബറിമസ്‌ജിദ്‌ തകർക്കൽ നേരിൽ കണ്ട വെങ്കിടേഷിന്റെ റിപ്പോർട്ടുകൾ ലോകം ശ്രദ്ധിച്ചതാണ്‌. ടെലഗ്രാഫ്‌, ബിബിസി ഡൽഹി ആസ്ഥാനമായ തേർഡ്‌ ഐടിവി എന്നിവയിലും പ്രവർത്തിച്ചു.  കണ്ണൂർ കണ്ണോത്തുംചാൽ സ്വദേശിയാണ്‌. പ്രമുഖ സൈക്യാട്രിസ്‌റ്റ്‌ ഡോ ചിത്രയാണ്‌ ഭാര്യ. ഡൽഹിയിൽ കൺസൾട്ടന്റായ ലക്ഷ്‌മി വെങ്കിടേഷ്‌ മകൾ. വാർത്താസമ്മേളനത്തിൽ പുരസ്‌കാരസമിതി കൺവീനർ പൊന്ന്യം ചന്ദ്രൻ, കതിരൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോയൻ, ബാങ്ക്‌ സെക്രട്ടറി പി എം ഹേമലത, പുരസ്‌കാര സമിതി അംഗം അഡ്വ കെ കെ രമേഷ്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News