കരുവന്നൂർ സഹകരണ ബാങ്ക്‌ ക്രമക്കേട്‌; കർശനനടപടി ഉണ്ടാകും: മന്ത്രി വി എൻ വാസവൻ



ഇരിങ്ങാലക്കുട > കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന്  മന്ത്രി വി എൻ വാസവൻ. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ബാങ്കിൽ നടന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കല്ലംകുന്ന് സർവീസ് സഹകരണ ബാങ്കിന്റ സുവർണജൂബിലി മന്ദിര ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയോടും സാമ്പത്തിക അച്ചടക്കത്തോടും കൂടിയാണ് സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് കഴിഞ്ഞ കാലങ്ങളിൽ സമാന്തര സാമ്പത്തിക സങ്കേതമായി വളരാനും നാടിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തുണയായി മാറാനും കഴിഞ്ഞിട്ടുണ്ട്‌. പ്രളയകാലത്തും കോവിഡ്‌ മഹാമാരിക്കാലത്തും സഹകരണ മേഖല നടത്തിയ പ്രവർത്തനങ്ങൾ  മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കൂടുതൽ തുക കൈമാറിയത് സഹകരണബാങ്കുകളാണ്. ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകൾ നല്കാൻ വിദ്യാതരംഗിണി പദ്ധതി വഴി 30 കോടി വിതരണം ചെയ്‌തുകഴിഞ്ഞു.പ്രത്യേക മന്ത്രാലയം രൂപീകരിച്ച് സംസ്ഥാന വിഷയമായ സഹകരണ മേഖലയെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ യോജിച്ച പ്രക്ഷോഭത്തിലൂടെ നേരിടാൻ സഹകാരികൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി  ആർ ബിന്ദു അധ്യക്ഷയായി.  ബാങ്ക് പ്രസിഡന്റ്‌ യു പ്രദീപ് മേനോൻ സ്വാഗതവും സെക്രട്ടറി സി കെ ഗണേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News