കരുവന്നൂർ ബാങ്ക്‌; അന്വേഷണത്തിന്‌ വിദഗ്‌ധ സമിതി



തിരുവനന്തപുരം > കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ക്രമക്കേട്‌ സംബന്ധിച്ച അന്വേഷണത്തിന്‌ ഒമ്പതംഗ ഉന്നതതല സമിതി. ചട്ടങ്ങളും മാർഗനിർദേശങ്ങളും മറികടന്നുള്ള വായ്‌പകളും വ്യാജരേഖ ചമയ്‌ക്കലും സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതി  അന്വേഷിക്കും.  പ്രത്യേക ക്രൈം ബ്രാഞ്ച്‌ സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചതിനു പുറമെയാണിത്‌.  ബാങ്ക്‌ ഭരണസമിതി നേരത്തേ പിരിച്ചുവിട്ട്‌  അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു.  ഏഴ്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു. സഹകരണ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി പി കെ ഗോപകുമാർ, വായ്‌പാ വിഭാഗം അഡീഷണൽ രജിസ്‌ട്രാർ ബിനോയി കുമാർ, കണ്ണൂർ ജോയിന്റ്‌ ഡയറക്ടർ ഇ രാജേന്ദ്രൻ, സഹകരണ രജിസ്‌ട്രാർ ഓഫീസിലെ ഐടി വിഭാഗം നോഡൽ ഓഫീസറും അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുമായ അയ്യപ്പൻ നായർ, കേരള ബാങ്ക്‌ ഐടി സാങ്കേതിക വിദഗ്‌ധൻ ആദിശേഷു, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ(ജനറൽ)മാരായ ജയചന്ദ്രൻ (കാട്ടാക്കട), ജെർനെയിൽ സിങ്‌ (ചിറയിൻകീഴ്‌), സഹകരണ രജിസ്‌ട്രാറുടെ രണ്ട്‌ പ്രതിനിധികൾ എന്നിവരാണ്‌ ഉന്നതതല സമിതി അംഗങ്ങൾ. അടുത്തദിവസംതന്നെ സംഘം ബാങ്കിലെത്തും. ഫോറൻസിക്‌ വിശകലനം അടക്കം അന്വേഷണ സംഘത്തിന്‌ സ്വീകരിക്കാം. ക്രമക്കേട്‌ കണ്ടെത്തുന്നതിൽ വകുപ്പിനുണ്ടായ പരാജയവും വിലയിരുത്തും. പത്തു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും, 30 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും‌ ലഭ്യമാക്കണം. ക്രമക്കേടിൽ വിജിലൻസ്‌ അന്വേഷണത്തിന്‌ ശുപാർശചെയ്‌തുള്ള മുകുന്ദപുരം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാ(ജനറൽ)റുടെ അന്വേഷണ റിപ്പോർട്ട്‌ വ്യാഴാഴ്‌ച സഹകരണ രജിസ്‌ട്രാർക്ക്‌ ലഭിച്ചു. ബാങ്കിന്‌ 104.11 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു‌. അതേസമയം, പ്രാഥമിക സംഘങ്ങളുടെ ഓഡിറ്റ്‌ ന്യൂനതകളുടെ പരിഹാര നടപടി വ്യവസ്ഥകൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. കേരള‌ ബാങ്കിന്റെയും പ്രാഥമിക കാർഷികവായ്‌പാ സംഘങ്ങളുടെയും ഐടി സംയോജന പദ്ധതി നടപ്പാക്കൽ ത്വരിതപ്പെടുത്തും. പ്രാഥമിക സംഘങ്ങളിലും ഏകീകൃത സോഫ്‌റ്റ്‌വെയർ സംവിധാനം കൊണ്ടുവരും. Read on deshabhimani.com

Related News