സിലബസ്‌ വിവാദം : വിദഗ്‌ധസമിതിയെ നിയോഗിച്ച്‌ കണ്ണൂർ സർവകലാശാല



കണ്ണൂർ കണ്ണൂർ സർവകലാശാല ഗവേണൻസ്‌ ആൻഡ്‌ പൊളിറ്റിക്‌സ്‌ പി ജി മൂന്നാം സെമസ്‌റ്റർ സിലബസിനെക്കുറിച്ച്‌ പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചതായി വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം എസ്‌ ഗോൾവാൾക്കർ, വി ഡി സവർക്കർ എന്നിവരുടെ പുസ്‌തകഭാഗങ്ങൾ സിലബസിൽ ചേർത്തതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണിത്‌. പ്രൊ വൈസ്‌ ചാൻസലർ ഡോ. എ സാബു കൺവീനറായ സമിതിയിൽ കേരള സർവകലാശാല മുൻ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മേധാവി ഡോ. ജെ പ്രഭാഷ്‌, കലിക്കറ്റ്‌ സർവകലാശാല റിട്ട. പ്രൊഫസർ ഡോ. കെ എസ്‌ പവിത്രൻ എന്നിവർ അംഗങ്ങളായിരിക്കും. അഞ്ചു ദിവസത്തിനകം സമിതി റിപ്പോർട്ട്‌ നൽകും. സിലബസിൽ ചില പോരായ്‌മ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. വിഷയവിദഗ്‌ധരായ അധ്യാപകരാണ്‌ സിലബസ്‌ തയ്യാറാക്കിയത്‌. പുതുതലമുറ കോഴ്‌സായതിനാൽ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ഇല്ല. സിലബസ്‌ പരിഷ്‌കരിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിന്‌ വിശദീകരണം നൽകിയതായും വി സി അറിയിച്ചു.   പ്രൊ വൈസ്‌ ചാൻസലർ ഡോ. എ സാബു, സിൻഡിക്കറ്റ്‌ അംഗങ്ങളായ എൻ സുകന്യ, പ്രമോദ്‌ വെള്ളച്ചാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവാദ സിലബസ്‌ പുനഃപരിശോധിക്കും: മന്ത്രി ആർ ബിന്ദു കണ്ണൂർ സർവകലാശാലയുടെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ സിലബസ് സംബന്ധിച്ച് വിവാദമുയർന്ന സാഹചര്യത്തിൽ സിലബസ് പുനഃപരിശോധിക്കുമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. നിർദേശിക്കപ്പെട്ട പാഠഭാഗങ്ങളിൽ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കിൽ ഒഴിവാക്കാനും, കൂട്ടിച്ചേർക്കേണ്ടതുണ്ടെങ്കിൽ കൂട്ടിച്ചേർക്കാനും നടപടിയെടുക്കും. വിവാദത്തെക്കുറിച്ച്‌ വിശദീകരണം നൽകാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്‌ സർവകലാശാലയോട്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News