ട്രെയിൻ തീവയ്‌പ് ; പ്രതിയെ കസ്റ്റഡിയിൽ വാങ്ങും ; 
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു



കണ്ണൂർ ട്രെയിൻ തീവയ്‌പ്പുകേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ ദിവസം പിടിയിലായ പശ്ചിമബംഗാളുകാരൻ പ്രസോൻ ജിത് സിക്ദറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷകസംഘത്തിന് ലഭിച്ചു. സിറ്റി എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.   വ്യാഴം പുലർച്ചെ ഒന്നോടെയാണ്‌  സ്‌റ്റേഷൻ യാർഡിൽ നിർത്തിയിട്ട കണ്ണൂർ – ആലപ്പുഴ എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസിൽ കയറി പ്രസോൻ ജിത് സിക്ദർ തീയിട്ടത്‌. ഒരു ബോഗി മുഴുവനായും നശിച്ചു. ഇവിടെനിന്ന്‌ രക്ഷപ്പെട്ട ഇയാളെ നഗര പരിസരത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ഭിക്ഷാടനത്തിലൂടെ പണം ലഭിക്കാത്തതിന്റെ മാനസിക പ്രയാസത്തിലാണ് ട്രെയിനിന് തീയിട്ടതെന്ന് ഇയാൾ  ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. തലശേരിയിൽനിന്ന് കണ്ണൂർവരെ കാൽനടയായാണ് വന്നതെന്നും പലരോടും പണം ചോദിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. റെയിൽവേ സ്റ്റേഷന് സമീപത്തെ ബിപിസിഎൽ സംഭരണശാലയുടെ സിസിടിവിയിൽ പ്രതി ട്രെയിനിനടുത്തേക്ക് പോകുന്നതും ഇറങ്ങിപ്പോകുന്നതുമായ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ബിപിസിഎൽ സുരക്ഷാ ജീവനക്കാരനും ട്രാക്കിലൂടെ ഒരാൾ നടന്നുപോകുന്നത് കണ്ടിരുന്നു. സ്റ്റേഷൻ പരിസരത്തെയും തീയിട്ടശേഷം ഇയാൾ പോയ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News