കണ്ണൂരിൽ ട്രെയിനിന്‌ തീവെച്ചത്‌ ഭിക്ഷാടകനെന്ന്‌ പൊലീസ്‌; പണം കിട്ടാത്തതിന്റെ നിരാശ



കണ്ണൂർ > കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനിന്‌ തീവെച്ച പശ്‌ചിമ ബംഗാൾ സ്വദേശിയെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 24 സൗത്ത്‌ പർഗാന ജില്ലയിലെ പ്രസോൻ ജിത്‌ സിക്‌ദർ(40) ആണ്‌ അറസ്‌റ്റിലായത്‌. ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ നിരാശയിലാണ്‌ ഇയാൾ ട്രെയിനിന്‌ തീവെച്ചതെന്ന്‌ ഉത്തരമേഖലാ ഐജി നീരജ്‌ കുമാർ ഗുപ്‌ത പറഞ്ഞു. വ്യാഴം പുലർച്ചെ ഒന്നോടെയാണ്‌  സ്‌റ്റേഷൻ യാർഡിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസിൽ കയറി ബോഗിക്ക്‌ തീയിട്ടത്‌. ഒരു ബോഗി മുഴുവനായും കത്തിനശിച്ചു. അഗ്‌നിരക്ഷാസേനയുടെ മൂന്ന്‌ യൂണിറ്റ്‌ എത്തി ഉടൻ തീയണച്ചതിനാലാണ്‌ കൂടുതൽ നാശം ഒഴിവായത്‌. സ്‌റ്റേഷൻ പരിസരത്തെ ബിപിസിഎൽ ഇന്ധന സംഭരണശാലയിലെ സിസിടിവി ദൃശ്യങ്ങളാണ്‌ പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്‌. ഒരാൾ  ഷർട്ടിടാതെ പാളത്തിലൂടെ നടന്നുപോകുന്നത്‌ സംഭരണശാലയിലെ  സെക്യൂരിറ്റി ഓഫീസറും കണ്ടിരുന്നു. വ്യാഴാഴ്‌ച തന്നെ പ്രസോൻ ജിത്‌ സിക്‌ദറിനെ പൊലീസ്‌ വലയിലാക്കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ്‌ ഇയാൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്‌. ഭിക്ഷാടനം നടത്തിയാണ്‌ ഇയാൾ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്‌. മൂന്ന്‌ ദിവസം മുമ്പാണ്‌ ഇയാൾ തലശേരിയിലെത്തിയത്‌. കാൽനടയായി കണ്ണൂരിലെത്തിയ ഇയാൾ റെയിൽ റെയിൽവെ സ്‌റ്റേഷൻ പരിസരത്ത്‌ ഭിക്ഷാടനം നടത്തുന്നത്‌ പൊലീസ്‌ തടഞ്ഞിരുന്നു. ഇതിന്റെ വിരോധത്തിലാണ്‌ ട്രെയിനിന്‌ തീയിട്ടതെന്ന്‌ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവമുള്ള ഇയാൾ കൈയിലുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ചാണ്‌ തീയിട്ടത്‌. സിറ്റി പൊലീസ്‌ കമ്മീഷണർ അജിത്‌ കുമാറിന്റെ മേൽനോട്ടത്തിൽ അസി. കമ്മീഷണർ ടി കെ രത്‌നകുമാറിന്റെ പ്രത്യേകസംഘമാണ്‌ കേസന്വേഷിക്കുന്നത്‌. എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടില്ലെന്ന്‌ ഐജി നീരജ്‌ കുമാർ ഗുപ്‌ത വാർത്താലേഖകരോട്‌ പറഞ്ഞു. ഫെബ്രുവരിയിൽ റെയിൽവെ സ്‌റ്റേഷൻ പരിസരത്തെ കുറ്റിക്കാടിന്‌ തീയിട്ടയാളാണ്‌ ഈ സംഭവത്തിലെയും പ്രതിയെന്ന്‌ സംശയമുയർന്നിരുന്നു. എന്നാൽ ഈ സംഭവവുമായി ഇയാൾക്ക്‌ ബന്ധമില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News