ഗുണ്ടർട്ട്‌ ബംഗ്ലാവ്‌ ഇനി ഭാഷയുടെ കഥപറയും; ഇല്ലിക്കുന്നിൽ മ്യൂസിയം തുറന്നു

ഗുണ്ടർട്ട് മ്യൂസിയം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ചുറ്റിക്കാണുന്നു


തലശേരി> മലയാള ഭാഷയെയും സംസ്‌കാരത്തെയും സമ്പന്നമാക്കിയ ഡോ ഹെർമൻ ഗുണ്ടർട്ടിന്റെ അറിയപ്പെടാത്ത ജീവിതകഥയിലേക്ക്‌ ഇനി നാടിന്‌ യാത്രചെയ്യാം. ആദ്യ മലയാളം, ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നൽകിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ ഹെർമൻ ഗുണ്ടർട്ടിൻ്റെ ജീവിതകഥ പറയുന്ന Gundert StoryTelling Museum തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ തുറന്നു.   2.21 കോടി വിനിയോ​ഗിച്ച് പ്രവൃത്തി പൂർത്തിയാക്കിയ മ്യൂസിയം  മന്ത്രി പി എ മുഹമ്മദ് റിയാസ് പൈതൃക നഗരിക്ക് സമർപ്പിച്ചു. ​ആധുനിക രീതിയിൽ സജീകരിച്ച ഗുണ്ടർട്ട് മ്യൂസിയം കേരളത്തിലെ ടൂറിസം സാധ്യത വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കാൻ ഗുണ്ടർട്ട് മ്യൂസിയത്തിന് സാധിക്കും. ചരിത്രത്തിൽ നിറഞ്ഞുനിന്ന  ഗുണ്ടർട്ടിന്റെ ജീവിത ചരിത്രം കാലത്തിന് മറച്ചുവയ്‌ക്കാൻ കഴിയില്ല-  മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.   ഗുണ്ടർട്ട് ചിത്രപഥങ്ങളും ജീവിതവും ഭാഷയും സാഹിത്യവും നിഘണ്ടു വ്യാകരണം, ഐതിഹാസിക രചനകൾ,  ഹെർമൻ ലെെബ്രറി എന്നീ വിഭാ​ഗങ്ങളിലായി മഹാനായ വഴികാട്ടിയുടെ ജീവിതവും രചനകളും സംഭാവനകളും മ്യൂസിയത്തിൽ വിവരിക്കുന്നുണ്ട്. പഴയ ബം​ഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് മ്യൂസിയം രൂപകൽപ്പന ചെയ്‌തത്. ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാ പഠനത്തിനും ​ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും.   എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി. കോഴിക്കോട് സിഎസ്ഐ മലബാർ രൂപത ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്‌ടർ വിശിഷ്‌ടാതിഥിയായി. ന​ഗരസഭാ ചെയർമാൻ കെ എം ജമുനറാണി, സബ് കലക്‌ടർ അനു കുമാരി, മജ്മ പ്രഷിത്ത് എന്നിവർ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സി പി ജയരാജൻ സ്വാ​ഗതവും വി ആർ കൃഷ്ണ തേജ മെെലവരപ്പ് നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News