എൽഡിഎഫ്‌ വമ്പിച്ച വിജയം നേടും: കാനം രാജേന്ദ്രൻ



സ്വന്തം ലേഖകൻ ഏത്‌ കാലത്തേക്കാളും ഐക്യത്തോടെയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വമ്പിച്ച വിജയം നേടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫിന്‌ കൂടുതൽ സീറ്റും വോട്ടുവിഹിതവും ഉണ്ടാകും. കേസരി സ്‌മാരക ജേർണലിസ്റ്റ്‌ ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്‌ സർക്കാരിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുണ്ട്‌. സർക്കാരിനെതിരെയുള്ള വിവാദങ്ങളുടെ ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണ്‌. അത്‌ പ്രതിപക്ഷം ഏറ്റെടുക്കുന്നു. എന്നാൽ, സർക്കാർ തങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങളാണ്‌ ജനം ചർച്ച ചെയ്യുന്നത്‌. ആദ്യമായാണ്‌ ഒരു സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി പ്രോഗ്രസ്‌ റിപ്പോർട്ട്‌ അവതരിപ്പിക്കുന്നത്‌. എൽഡിഎഫുമായാണ്‌ മത്സരമെന്ന്‌ യുഡിഎഫും ബിജെപിയും പറയുന്നു. രണ്ടു കൂട്ടരും അക്കാര്യത്തിൽ യോജിക്കുന്നുണ്ട്‌. യുഡിഎഫ്‌ ദുർബലമാവുകയാണ്‌. ബിജെപിക്ക്‌ 16 വരെ കുറച്ച്‌ സ്വപ്‌നങ്ങളുണ്ടാകും. അത്‌ കഴിയുമ്പോൾ ഉണ്ടാകില്ല. വിജിലൻസ്‌ പരിശോധന സാധാരണ നടപടിക്രമമാണെന്നും അത്തരം സന്ദർഭങ്ങളിൽ സാധാരണ മന്ത്രിമാർ പ്രതികരിക്കാറില്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. വിജിലൻസ്‌ പരിശോധനറിപ്പോർട്ട്‌ സർക്കാരിനു നൽകും. അത്‌ സർക്കാർ പരിശോധിച്ച്‌ നടപടി സ്വീകരിക്കും. പരിശോധനാ വിവരം മന്ത്രിയെ അറിയിക്കണമെന്ന്‌ നിർബന്ധമില്ല. ഇടതുമുന്നണിയുടെ നേതാവാണ്‌ മുഖ്യമന്ത്രി. അദ്ദേഹം പറയുന്നത്‌ അംഗീകാരിക്കാതിരിക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്ക്‌ ധനമന്ത്രിയെ വിശ്വാസമില്ല എന്നു പറഞ്ഞാലേ കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന്‌ പറയാനാകൂ. അങ്ങനെയോ തിരിച്ചോ ഉണ്ടായിട്ടില്ല. സിപിഐ എമ്മും സിപിഐയും പരസ്‌പരം മത്സരിക്കുന്നതിനെ സൗഹൃദമത്സരമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News