ഭൂമി തട്ടിപ്പ്‌; കൽപ്പറ്റയിൽ ഡിസിസി വൈസ്‌ പ്രസിഡന്റിന്റെ 
വീട്ടുമുറ്റത്ത്‌ ഷെഡ്ഡ്‌ കെട്ടി സമരം

ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ഒ വി അപ്പച്ചന്റെ വീട്ടുമുറ്റത്ത്‌ ഷെഡ്ഡ്‌ കെട്ടി സമരം നടത്തുന്നു


കൽപ്പറ്റ > ഭൂമിയും പണവും ലഭിക്കാതെ വഞ്ചിതരായവർ ഡിസിസി വൈസ്‌ പ്രസിഡന്റിന്റെ വീട്ടിൽ നടത്തുന്ന സമരം ശക്തമാകുന്നു. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ ഒ വി അപ്പച്ചന്റെ ചുണ്ടക്കരയിലുള്ള  വീട്ടുമുറ്റത്ത്‌ ഷെഡ്ഡ്‌ കെട്ടി സമരം തുടങ്ങി.  പണം വാങ്ങിയശേഷം ഭൂമി രജിസ്‌റ്റർ ചെയ്‌ത്‌ നൽകുകയോ പണം നൽകുകയോ ചെയ്‌തില്ലെന്നാരോപിച്ച്‌  അഞ്ച്‌ കുടുംബങ്ങൾ  വ്യാഴാഴ്‌ചയാണ്‌ സമരം തുടങ്ങിയത്‌.   ചുരുങ്ങിയ കാലാവധിക്കുള്ളിൽ പണം നൽകുകയോ ഭൂമി രജിസ്‌റ്റർ  ചെയ്‌ത്‌ നൽകുകയോ വേണമെന്നാണ്‌ ആവശ്യം.  ഉറപ്പ്‌ ലഭിക്കുന്നതുവരെ സമരം തുടരുമെന്ന്‌ സമരക്കാർ പറഞ്ഞു. അനിൽ സുനിതാലയം, സനീഷ്‌ കല്ലറക്കൽ,  ജയിംസ്‌ പുതിയ വീട്ടിൽ, സനിൽ അമ്പലമൂലയിൽ,  ടോമി കോട്ടത്തറ എന്നിവരും കുടുംബവുമാണ്‌ വ്യാഴം ഉച്ചമുതൽ കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌.    2019ലാണ്‌ ഇവർ അപ്പച്ചനിൽനിന്ന്‌ ചുണ്ടക്കരയിലുള്ള  ഭൂമി വാങ്ങിയത്‌.  70 ശതമാനം തുകയും നൽകിയ ഇവർക്ക്‌ മൂന്ന്‌ വർഷമാകാറായിട്ടും  സ്ഥലം  രജിസ്‌റ്റർ  ചെയ്‌ത്‌ കിട്ടിയില്ല.   ഭൂമി നൽകാനാവില്ലെങ്കിൽ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടെങ്കിലും അതും നൽകിയില്ല. തുടർന്നാണ്‌ വീട്ടുമുറ്റത്ത്‌ സമരം തുടങ്ങിയത്‌.  65 ലക്ഷത്തോളം രൂപ അഞ്ച്‌  കുടുംബത്തിനുമായി  അപ്പച്ചൻ കൊടുക്കാനുണ്ടെന്നാണ്‌ സമരം ചെയ്യുന്നവർ പറയുന്നത്‌.  കടം വാങ്ങിയും ഉള്ള ഭൂമി വിറ്റും സ്ഥലം വാങ്ങിയ  അഞ്ച്‌ കുടുംബങ്ങളും ദുരിതത്തിലാണ്‌. വെള്ളിയാഴ്‌ച  കമ്പളക്കാട്‌  സിഐയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച അലസിപ്പിരിയുകയായിരുന്നു. Read on deshabhimani.com

Related News