ഗാനമേളയ്ക്കിടെ വാക്കുതര്‍ക്കം: കലൂരിൽ യുവാവിനെ കുത്തിക്കൊന്നു



കൊച്ചി> കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മ വീട്ടിൽ രാധാകൃഷ്‌ണന്റെ മകൻ എം ആർ രാജേഷാണ്‌ (27) മരിച്ചത്. ശനി രാത്രിയാണ്‌ സംഭവം. കൊലപാതകശേഷം പ്രതി സ്ഥലത്തുനിന്ന്‌ രക്ഷപ്പെട്ടു. കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിനുമുന്നിലാണ്‌ നഗരത്തെ നടുക്കിയ കൊലപാതകം. സ്വകാര്യ പരിപാടിയുടെ ഭാഗമായി രാത്രി വൈകി ലേസർഷോയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ഒരാൾ മദ്യപിച്ചെത്തി ബഹളംവച്ചു. ഇയാളെ സംഘാടകരും പരിപാടി കാണാനെത്തിയ മറ്റുള്ളവരും ചേർന്ന് പറഞ്ഞുവിട്ടു. ഗാനമേള കഴിയുന്നസമയത്ത്‌ ഇയാൾ മടങ്ങിയെത്തി സംഘാടകരെ തിരക്കി. സംഘാടകരും സ്ഥലത്തുണ്ടായ മറ്റുള്ളവരുമായി സംസാരിക്കുന്നതിനിടയിൽ കൈയിലിരുന്ന കത്തിപോലുള്ള മൂർച്ചയേറിയ ആയുധംകൊണ്ട്‌ രാജേഷിനെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജേഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. കാസർകോട്‌ സ്വദേശി മുഹമ്മദ്‌ ഹുസൈനാണ്‌ കൊലപാതകിയെന്ന്‌ കരുതുന്നതായി പൊലീസ്‌ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കൊലപാതകത്തിൽ പങ്കുള്ളതായി സംശയിക്കുന്നു. ഇരുവർക്കുമായി തിരച്ചിൽ ആരംഭിച്ചു. രാജേഷ്‌ കുറച്ചുകാലമായി തൃപ്പൂണിത്തുറയിലാണ്‌ താമസം. ഗാനമേള കേൾക്കാനാണ്‌ സ്ഥലത്തെത്തിയത്‌. തർക്കത്തിൽ ഇടപെട്ടെങ്കിലും പരിപാടിയുടെ സംഘാടകനായിരുന്നില്ലെന്ന്‌ പാലാരിവട്ടം പൊലീസ്‌ പറഞ്ഞു. ഒന്നരമാസത്തിനിടെ നഗരത്തിലുണ്ടാകുന്ന ഏഴാമത്തെ കൊലപാതകമാണിത്‌. എല്ലാ കേസിലും പ്രതികളെ അതിവേഗം പിടികൂടാനായി. എന്നാൽ, അനിഷ്ടസംഭവങ്ങൾ വർധിക്കുന്നത്‌ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News